19 January Saturday

സാമ്രാജ്യത്വ ഗൂഢാലോചന ഫലിച്ചില്ല; മഡൂറോ വീണ്ടും അമരത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കാരക്കാസ് > ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ കുന്തമുനയായ വെനസ്വേലയുടെ അമരത്തേക്ക് നിക്കോളാസ് മഡൂറോ രണ്ടാംവട്ടവും അധികാരമേറ്റു. പാശ്ചാത്യശക്തികളുടെ കുപ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി മേയിലെ തെരെഞ്ഞെടുപ്പില്‍  67.84 ശതമാനം വോട്ട് നേടിയാണ് മഡുറോ രണ്ടാം വട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചുകയറിയത്. കോടതിയലക്ഷ്യത്തെത്തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനാല്‍ സുപ്രീംകോടതിയിലാണ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. 94 രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹ്യൂഗോ ഷാവേസിന്റെ ആശയങ്ങളുയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ ഭാവിക്കും യുവതലമുറയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മഡുറോ പറഞ്ഞു. ലാറ്റിനമേരിക്കയുടേയും കരീബിയന്‍ രാഷ്ട്രങ്ങളുടെയും ഒറ്റക്കെട്ടായ മുന്നേറ്റത്തിനായി പരിശ്രമിക്കുന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കരീബിയന്‍ ലാറ്റിനമേരിക്കന്‍ പ്രസിഡന്റുമാരുടെ പ്രത്യേക ഉച്ചകോടി വിളിക്കും. നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാന്‍ ഞാന്‍ സജ്ജനാണ്, ജനാധിപത്യത്തിനും ജനങ്ങള്‍ക്കുമായിരിക്കും ഈ നാട്ടില്‍ മുന്‍ഗണന.- ജനങ്ങളെ അഭിസംബോദന ചെയ്യവെ മഡൂറോ പറഞ്ഞു.

മഡൂറോ രണ്ടാംവട്ടവും അധികാരത്തിലേറെവെ  വെനസ്വേലയ്ക്കെതിരെ ശക്തമായ നയതന്ത്ര ആക്രമണമാണ് പാശ്ചാത്യചേരി നടത്തുന്നത്. അട്ടിമറി സാധ്യത കണക്കിലെടുത്ത് രാജ്യത്ത് കനത്ത സുരക്ഷയൊരുക്കി. എന്നാല്‍, മഡൂറോയ്ക്ക് ഒപ്പം ചേര്‍ന്ന് മേഖലയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ?ഗുട്റെസ് പ്രതികരിച്ചു.

ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കനാല്‍, ബൊളിവീയന്‍ പ്രസിഡന്റ് സാല്‍വദോര്‍ സാഞ്ചേസ് സെറണ്‍, എല്‍ സാല്‍വദോര്‍ പ്രസിഡന്റ് റാല്‍ഫ് ഗോണ്‍സാല്‍വസ് ഗ്രനേഡിയസ്, സെന്റ് വിന്‍സന്റ് പ്രസിഡന്റുമാര്‍, ക്യൂബ, മെക്സിക്കോ, തുര്‍ക്കി, ചൈന, ഇറാന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. മഡുറോ അധികാരമേറ്റത്തിന്റെ  ഭാഗമായി  വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. 2025 വരെ അദ്ദേഹം അധികാരത്തില്‍ തുടരും.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം കോടികള്‍ ഒഴുക്കിയിട്ടും ബൊളിവാറിയന്‍ വിപ്ലവപാത പിന്തുടരുന്ന വെനസ്വേല മഡൂറോക്കൊപ്പമാണെന്ന് മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് വെളിപ്പെടുത്തി. അമേരിക്കന്‍ സാമ്രാജ്യത്വ നുണകളെ അതിജീവിച്ച ജനകീയ പ്രതിരോധത്തിന്റെ വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ മഡൂറോയെ   റഷ്യ, നിക്കരാഗ്വേ, ക്യൂബ, ബൊളീവിയ, ബാര്‍ബുഡ, ആന്റ്വിഗ്വ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അഭിനന്ദിച്ചു.


പ്രധാന വാർത്തകൾ
Top