24 September Monday

വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലാറ്റിനമേരിക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

കാരക്കാസ് > പ്രതിപക്ഷ ആഹ്വാനത്തെ തള്ളി നിക്കോളസ് മഡുറോയ്ക്ക് പിന്തുണ അറിയിച്ച് സമ്മതിദാനം രേഖപ്പെടുത്തിയ വെനസ്വേലന്‍ ജനതയ്ക്ക് ലാറ്റിനമേരിക്കയുടെ ഐക്യദാര്‍ഢ്യം. വെനസ്വേലന്‍ ജനാധിപത്യത്തിനെതിരായ ആക്രമണം  ലാറ്റിനമേരിക്കയ്ക്കെതിരായ ആക്രമണമാണെന്നും ചെറുത്തുനില്‍പ്പു നടത്തുന്ന വെനസ്വേലന്‍ ജനതയ്ക്കൊപ്പമുണ്ടെന്നും ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് പ്രതികരിച്ചു.

നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടേഗയും വൈസ്പ്രസിഡന്റ് റൊസാരിയോ മുറില്യോയും തെരഞ്ഞെടുപ്പ് വിജയത്തില്‍ മഡുറോയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു. സ്വയംനിര്‍ണയാവകാശത്തിനും സമാധാനത്തിനും വേണ്ടിയുള്ള വിജയമാണ് ഇതെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എല്‍ സാല്‍വദോറിലെ ഭരണപക്ഷമായ ഫാര്‍ബുന്‍ഡോ മാര്‍ടി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും (എഫ്എംഎല്‍എന്‍) വെനസ്വേലയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു. വെനസ്വേലന്‍ ജനതയുടെ ചരിത്രപരമായ മുന്നേറ്റമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

മെക്സിക്കോയിലെയും മധ്യഅമേരിക്കയിലേയും ഇടതുപോരാട്ട സംഘടനകളും വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എല്‍സാല്‍വദോര്‍, ഗ്വോട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വേ, കോളംബിയ, പാനമ, മെക്സിക്കോ, ക്യൂബ, കോസ്റ്റ റിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മഡുറോയ്ക്ക് പിന്തുണ അറിയിച്ച് പൊതുപ്രസ്താവന പുറത്തിറക്കി. പാശ്ചാത്യരാഷ്ട്രങ്ങളുടെയും കുത്തകമാധ്യമങ്ങളുടെയും പിന്തുണയോടെ വെനസ്വേലയുടെ പരമാധികാരത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top