21 September Friday

യുഎസ‌് ഉപരോധം: ഇറാന‌് പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തെഹ‌്‌‌‌റാൻ > അമേരിക്കയുടെ ഏകാധിപത്യത്തിൽ ലോകം ദുർബലവും രോഗിയുമായെന്ന‌് ഇറാൻ വിദേശമന്ത്രി ജാവേദ‌് സരീഫ‌്. ട്വിറ്ററിലൂടെയാണ‌് സരീഫ‌് ആഗോളതലത്തിലെ അമേരിക്കൻ ഇടപെടലിനെ വിമർശിച്ചത‌്. ഇറാനെതിരെ ചൊവ്വാഴ‌്ച രാത്രിമുതൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയത‌ിനു പിന്നാലെയാണ‌് സരീഫിന്റെ ട്വീറ്റ‌്. ഇറാനെക്കുറിച്ച‌് യൂറോപ്യൻ യൂണിയനോടും റഷ്യയോടും ചൈനയോടും തങ്ങളുടെ മറ്റു വാണിജ്യ പങ്കാളികളോടും  ചോദിച്ചാൽ മതിയെന്നും സരീഫ‌് പറഞ്ഞു.

അതേസമയം സരീഫ‌് തെഹ‌്റാനിൽ അമേരിക്കയുടെ ഉപരോധം നേരിടുന്ന മറ്റൊരു രാജ്യമായ ഉത്തരകൊറിയയുടെ വിദേശമന്ത്രി റി യോങ‌്ഹോയുമായി കൂടിക്കാഴ‌്ച നടത്തി. അമേരിക്കയുടെ സാമ്പത്തിക‐ വാണിജ്യ‐ യാത്രാ ഉപരോധങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളാണ‌് ഇറാനും ഉത്തരകൊറിയയും. ലോകത്തിന്റെ എല്ലായിടത്തും ഇറാന‌് സുഹൃത്തുക്കളുണ്ടെന്ന‌് അമേരിക്ക മനസ്സിലാക്കണമെന്ന‌് റിയോങ‌്ഹോയുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കുശേഷം സരീഫ‌് പറഞ്ഞു.

ഇറാനുമായി വാണിജ്യം തുടരുന്ന കമ്പനികൾ പിൻമാറണമെന്നും അല്ലാത്തപക്ഷം ആ കമ്പനികൾക്ക‌് അമേരിക്കയുമായി വാണിജ്യബന്ധം തുടരാൻ കഴിയില്ലെന്നും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ചൊവ്വാഴ‌്ച ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, അമേരിക്ക ഇറാനോട‌ു നടത്തുന്നത‌് മനോയുദ്ധമാണെന്ന‌് ഇറാൻ പ്രസിഡന്റ‌് തിരിച്ചടിച്ചു.

ഇതിനിടെ ഇറാനുമായി വാണിജ്യബന്ധം തുടരുന്ന കമ്പനികൾക്ക‌് എല്ലാ പിന്തുണയും വാഗ‌്ദാനംചെയ്യുന്നതായി യൂറോപ്യൻ യൂണിയൻ വിദേശമന്ത്രലായ തലവൻ ഫെഡറിക‌ മൊഗേരിനി പ്രതികരിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ആരുമായൊക്കെ വാണിജ്യബന്ധം തുടരണമെന്നത‌് തങ്ങൾതന്നെ തീരുമാനിച്ചുകൊള്ളാമെന്ന‌് ട്രംപിനുള്ള മറുപടിയായി ഫെഡറിക പറഞ്ഞു.  ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ച അമേരിക്കൻ നടപടി നിരാശാജനകമാണെന്ന‌് റഷ്യ പ്രതികരിച്ചു. അമേരിക്കയുടെ ഉപരോധങ്ങൾ ചെവിക്കൊള്ളില്ലെന്ന‌് ചൈനയും പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top