15 November Thursday

ആശങ്ക പടര്‍ത്തി അമേരിക്ക; ഉത്തരകൊറിയക്ക് മുകളില്‍ ബോംബര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

പ്യോങ്യാങ് > ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ ഉപദ്വിപിലൂടെ പറന്നത് ആശങ്ക പടര്‍ത്തി. മിസൈല്‍ പരീക്ഷണത്തിനുള്ള തിരിച്ചടിയെന്ന നിലയിലാണ് വിമാനങ്ങള്‍ പറത്തിയതെന്ന് ഞായറാഴ്ച അമേരിക്കന്‍ വ്യോമസേന  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശനിയാഴ്ചയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചത്. പരീക്ഷണത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

ബി-1 ബി ബോംബര്‍ വിമാനങ്ങളാണ് പറത്തിയത്. ഗുവാമിലെ  അമേരിക്കന്‍ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനങ്ങളെ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും യുദ്ധവിമാനങ്ങള്‍ അനുഗമിച്ചു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ മുമ്പും അമേരിക്ക സമാനരീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.

അമേരിക്കയെ പൂര്‍ണമായും പരിധിയിലാക്കാന്‍ കഴിയുന്ന മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. സമാധാന അന്തരീക്ഷത്തിന് ഉത്തരകൊറിയ ഭീഷണിയാണെന്ന് പസഫിക് വ്യോമസേനാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഓഷാഗ്നെസി കുറ്റപ്പെടുത്തി. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ തടയാന്‍ ചൈന മുന്‍കൈ എടുക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു.

പ്രധാന വാർത്തകൾ
Top