26 September Wednesday

ജറുസലേം യുഎസ്‌ എംബസി തുറക്കൽ: ഇസ്രയേലി ആക്രമണത്തിൽ മരണം 58 ആയി; പലസ‌്തീൻ വീണ്ടും കൊലക്കളം

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

ജറുസലേം > അമേരിക്ക ജറുസലേമിൽ എംബസി തുറക്കവേ ഇസ്രയേൽ പലസ‌്തീനെ വീണ്ടും കൊലക്കളമാക്കുന്നു. ഗാസ അതിർത്തിയിൽ പ്രതിഷേധപ്രകടനം നടത്തിയവർക്കുനേരെ ഇസ്രയേലി സൈന്യം നടത്തിയ വെടിവയ‌്പിൽ കുട്ടികളും സ‌്ത്രീകളും ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. 2700ലധികം പേർക്ക‌് പരിക്കേറ്റു.

    • ആക്രമണം ജറുസലേമിൽ യുഎസ‌് എംബസി തുറക്കവേ

    • തലസ്ഥാനം നിശ‌്ചയിക്കാൻ ഇസ്രയേലിന‌് അവകാശമുണ്ടെന്ന‌് ട്രംപ‌്

അമേരിക്ക തങ്ങളുടെ എംബസി ടെൽ അവീവിൽനിന്ന‌് ജറുസലേമിലേക്ക‌് മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമാണ‌് പലസ‌്തീനിൽ ഉയരുന്നത‌്. ഇത‌് വകവയ‌്ക്കാതെയാണ‌് തിങ്കളാഴ‌്ച എംബസി തുറന്നത‌്. ഇസ്രയേൽ പരമാധികാര രാഷ്ട്രമാണെന്നും അവരുടെ തലസ്ഥാനം നിശ‌്ചയിക്കാൻ അവർക്ക‌് അവകാശമുണ്ടെന്നും വീഡിയോ സന്ദേശത്തിൽ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് പ്രഖ്യാപിച്ചു. ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഭർത്താവും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കവേയാണ‌് പലസ‌്തീൻകാർക്കുനേരെ ഇസ്രയേലി സൈന്യം കടന്നാക്രമണം നടത്തിയത‌്.

‘ഗ്രേറ്റ‌് മാർച്ച‌് ഓഫ‌് റിട്ടേൺ’ എന്ന പേരിൽ ഹമാസ‌് ആഹ്വാനംചെയ‌്ത ആറാഴ‌്ചത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയാണ‌് ഇസ്രയേലി സൈന്യം വെടിവച്ചുവീഴ‌്ത്തിയത‌്. ഏകദേശം 35,000 പലസ‌്തീൻകാർ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തതായി ഇസ്രയേൽ സ്ഥിരീകരിച്ചു.

അതിർത്തിവേലിയിലേക്ക‌് പ്രകടനമായി എത്തിയവർ അക്രമാസക്തരായപ്പോഴാണ‌് വെടിയുതിർത്തതെന്ന‌് ഇസ്രയേൽ ന്യായീകരിച്ചു. ജബലിയയിൽ ഹമാസിന്റെ സൈനികപോസ‌്റ്റുകൾക്കുനേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. രൂക്ഷമായ ബോംബിങ്ങും വെടിവയ‌്പുമാണ‌് അരങ്ങേറിയത‌്. പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന‌് ഹമാസ‌് പ്രഖ്യാപിച്ചു.

പലസ‌്തീൻ രാഷ്ട്രം സ്ഥാപിതമാകുമ്പോൾ തലസ്ഥാനമായി വിഭാവനംചെയ്യുന്നത‌് കിഴക്കൻ ജറുസലേമിനെയാണ‌്. തർക്കപ്രദേശവും വിവിധ മതവിഭാഗങ്ങളുടെ പുണ്യഭൂമിയുമെന്ന നിലയിൽ ജറുസലേം ഏകപക്ഷീയമായി ഇസ്രയേലിന‌് വിട്ടുകൊടുക്കുന്നതിനെ അന്താരാഷ്ട്രസമൂഹവും ഐക്യരാഷ്ട്രസഭയും അനുകൂലിക്കുന്നില്ല. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്  ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും എംബസി അവിടേക്ക‌് മാറ്റിയതും പ്രതിഷേധവും സംഘർഷവും വീണ്ടും മൂർച്ഛിപ്പിച്ചു. ജറുസലേമിനെയാകെ ഇസ്രയേലിന‌് കൈമാറുന്നതാണ‌് അമേരിക്കയുടെ നടപടിയെന്നാണ‌് പലസ‌്തീന്റെ വിലയിരുത്തൽ.

പ്രധാന വാർത്തകൾ
Top