25 September Tuesday

ഉപരോധത്തിന് യുഎന്‍ അംഗീകാരം : ഉത്തരകൊറിയയുടെ കയറ്റുമതിക്ക് തിരിച്ചടിയാകും

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

പ്യോങ്യാങ് > ഉത്തരകൊറിയക്കുമേല്‍ ഉപരോധം കൊണ്ടുവരാന്‍ അമേരിക്ക ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ വച്ച പ്രമേയം പാസായത് ഉത്തരകൊറിയയുടെ കയറ്റുമതിരംഗത്തിന് തിരിച്ചടിയാകും. കയറ്റുമതി തടഞ്ഞ് ഉത്തരകൊറിയയുടെ വാര്‍ഷികവരുമാനത്തില്‍ കുറവുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധം കൊണ്ടുവന്നത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ഉപരോധം.

കല്‍ക്കരി, ഇരുമ്പ്, ഇരുമ്പയിര്, ഈയം, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയാണ് ഉത്തരകൊറിയ പ്രധാനമായും കയറ്റുമതി നടത്തുന്നത്. ഇവയില്‍നിന്നുള്ള വരുമാനം ഉപരോധംമൂലം ഇല്ലാതാകും. 25.1 കോടി ഡോളറാണ് ഇരുമ്പ് കയറ്റുമതിയില്‍നിന്ന് ഈ വര്‍ഷം മാത്രം ഉത്തരകൊറിയയുടെ വരുമാനം. 11.3 കോടി ഡോളര്‍ ഈയത്തില്‍നിന്നും. ഉത്തരകൊറിയക്കാര്‍ക്ക് വിദേശത്തേക്ക് തൊഴിലന്വേഷിച്ച് പോകാനുള്ള സാധ്യത കുറയും. 50,000ത്തോളം പേരാണ് 2015ലെ കണക്കനുസരിച്ച് വിദേശത്ത് ജോലിചെയ്യുന്നത്. മറ്റുരാജ്യങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വ്യാപാരനിക്ഷേപം നടത്താനാകില്ല. നിലവിലുള്ള പദ്ധതികളില്‍ കൂടുതല്‍ പണംമുടക്കലും അസാധ്യമാകും.

ഉപരോധം ഏര്‍പ്പെടുത്തിയതോടെ എല്ലാം അവസാനിച്ചതായി കരുതുന്നില്ലെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി രക്ഷാസമിതിയില്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് വര്‍ഷംതോറും നടത്തുന്ന സൈനിക അഭ്യാസം തുടരുമെന്ന് ഹാലി സൂചിപ്പിച്ചു.

പ്രധാന വാർത്തകൾ
Top