20 September Thursday

ട്രംപ‌്‐കിം കൂടിക്കാഴ‌്ച ജൂൺ 12ന‌് തന്നെ

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018


സോൾ
സമ്പൂർണ ആണവനിരായുധീകരണം നടപ്പാക്കുമെന്ന‌് ഉത്തരകൊറിയ ഉറപ്പുനൽകിയതായി ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇൻ പറഞ്ഞു. ശനിയാഴ‌്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ പങ്കുവയ‌്ക്കുകയായിരുന്നു അദ്ദേഹം‌.

നിർണായകമായ ട്രംപ‌് ‐ കിം  കൂടിക്കാഴ‌്ച മുൻകൂട്ടി തീരുമാനിച്ചത‌് പോലെ നടക്കുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മൂൺ ജെ ഇൻ പറഞ്ഞു. കൂടിക്കാഴ‌്ചയ‌്ക്കുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകാൻ ട്രംപ‌് സമ്മതിച്ചിട്ടുണ്ട‌്. ജൂൺ 12ന‌് സിംഗപ്പൂരിൽ നടക്കുന്ന കൂടിക്കാഴ‌്ച വിജയകരമാക്കുമെന്ന‌് കിം ജോങ‌് അന്നും ഉറപ്പുനൽകി. കൊറിയൻ ഉപദ്വീപിനെ സമ്പൂർണ ആണവനിരായുധീകരണത്തിലേക്ക‌് നയിച്ച‌് സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കാനും തീരുമാനിച്ചു‐ മൂൺ ജെ ഇൻ പറഞ്ഞു.

ശനിയാഴ‌്ച കൊറിയൻ അതിർത്തിപ്രദേശമായ പൻമുൻജോമിലാണ‌് ഇരുകൊറിയകളുടെയും ഭരണാധികാരികൾ തമ്മിൽ രണ്ടുമണിക്കൂറോളം നീണ്ട  കൂടിക്കാഴ‌്ച നടന്നത‌്. കഴിഞ്ഞദിവസം കിമ്മുമായുള്ള കൂടിക്കാഴ‌്ച റദ്ദാക്കുന്നതായി ട്രംപ‌് പ്രസ‌്താവിച്ചിരുന്നു.  എന്നാൽ, പിന്നീട‌് തീരുമാനത്തിൽ അയവുവരുത്തുകയും കൂടിക്കാഴ‌്ച നടക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും ട്രംപ‌് പറഞ്ഞു. ഇതിനുപിന്നാലെയാണ‌് കൊറിയൻ ഭരണാധികാരികൾ പൻമുൻജോങ്ങിൽ ചർച്ച നടത്തിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top