18 November Sunday

ഗുഹയിൽനിന്ന‌് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ‌്തികരം: തായ‌്‌ലൻഡ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


ബാങ്കോക‌് > തായ‌്‌ലൻഡിലെ താംലുവാങ‌് ഗുഹയിൽനിന്ന‌് രക്ഷപ്പെടുത്തിയ 12 കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യനില തൃപ‌്‌തികരമാണെന്ന‌് അധികൃതർ അറിയിച്ചു. മാനസികമായും ശാരീരികമായും അവർ മെച്ചപ്പെട്ടതായി തായ‌്‌ലൻഡ‌് ആരോഗ്യവകുപ്പ‌് ഇൻസ‌്പെക്ടർ തോങ‌് ചായ‌് ലർത‌്‌വിലെറ പതോങ‌് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യനില  സംബന്ധിച്ച‌് ബുധനാഴ‌്ച  മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, കുട്ടികളിൽ ഭൂരിഭാഗംപേർക്കും ശരാശരി രണ്ട‌് കിലോ തൂക്കം കുറഞ്ഞിട്ടുണ്ട‌്. മൂന്നുപേർക്ക‌് ശ്വാസകോശത്തിൽ ചെറിയ അണുബാധയുണ്ട‌്. എന്നാൽ, ആശങ്കപ്പെടേണ്ടതില്ല. ഒരാഴ‌്ച അവർ ആശുപത്രിയിൽ ചികിത്സയിൽ  തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കാണുന്നതിന‌് ബന്ധുക്കൾക്കും മറ്റ‌് സന്ദർശകർക്കുമുള്ള വിലക്ക‌് തുടരുകയാണ‌്. അണുബാധയുണ്ടായേക്കാമെന്ന ആശങ്കയെത്തുടർന്നാണിത‌്.

18 ദിവസത്തിനുശേഷം അതിസാഹസികമായി ഗുഹയിൽ കുടുങ്ങിയവരെ രക്ഷിച്ചതിനെ പ്രകീർത്തിച്ച‌് നിരവധി രാജ്യങ്ങളും ആഗോള സംഘടനകളും രംഗത്തെത്തി. രക്ഷാപ്രവർത്തകരെയും രക്ഷപ്പെട്ടവരെയും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌ും ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയും ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി താ‌യ‌്‌ലൻഡ‌് പ്രധാനമന്ത്രി പ്രയുത‌് ചൻഒച പറഞ്ഞു. രാജ്യത്തിന‌് അകത്തും പുറത്തുമുള്ള ജനതയുടെ സഹകരണമാണ‌് രക്ഷാപ്രവർത്തനം വിജയത്തിൽ എത്തിച്ചത‌്. രക്ഷാപ്രവർത്തനത്തിനത്തിടെ രക്തസാക്ഷിയായ സമൻ കുനോന്തിന്റെ സ്ഥാനം ഹൃദയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുഹാകവാടത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന വാർത്തകൾ
Top