19 November Monday

താലിബാനുമായി ചർച്ചയ‌്ക്ക‌് തയ്യാറെന്ന‌് യുഎസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

വാഷിങ‌്ടൺ >  അഫ‌്ഗാനിസ്ഥാനിലെ താലിബാനുമായി നേരിട്ട‌് ചർച്ചയ്‌ക്ക‌് തയ്യാറാണെന്ന‌് അമേരിക്ക വ്യക്തമാക്കി. അഫ‌്ഗാനിസ്ഥാനിൽ താലിബാനെതിരെ 17 വർഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക  ശ്രമിക്കുന്നതിന്റെ ഭാഗമായാണ‌് ചർച്ചവാഗ‌്ദാനം എന്നാണ‌് വിലയിരുത്തൽ. അഫ‌്ഗാനിലെ അമേരിക്കൻ കമാൻഡർ ജനറൽ ജോൺ നിക്കോൾസനാണ‌് നേരിട്ടുള്ള ചർച്ചയ‌്ക്ക‌് തയ്യാറാണെന്ന‌് വ്യക്തമാക്കിയത‌്. താലിബാനുമായി നേരിട്ടുള്ള ചർച്ചയ‌്ക്ക‌് അമേരിക്ക തയ്യാറാണെന്നും അവിടത്തെ അന്താരാഷ്ട്രസൈന്യത്തിന്റെ നടപടികളെക്കുറിച്ച‌് വിലയിരുത്താൻ അമേരിക്ക തയ്യാറാണെന്നും വിദേശകാര്യ സെക്രട്ടറി മൈക‌് പോംപി കഴിഞ്ഞദിവസം പറഞ്ഞതായി അഫ‌്ഗാനിൽ അധിനിവേശം നടത്തുന്ന നാറ്റോസേന തലവൻകൂടിയായ ജനറൽ നിക്കോൾസൺ പറഞ്ഞു.

സമാധാനചർച്ചകൾ മുന്നോട്ടുപോകേണ്ടതുണ്ട‌്. താലിബാനും ഇക്കാര്യത്തിൽ ബോധ്യമുണ്ടെന്നാണ‌് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ താലിബാൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, അമേരിക്കയുടെ പുതിയ സമീപനത്തെ സ്വാഗതം ചെയ്യുന്നതായി താലിബാൻ വക്താവ‌് സൊഹൈൽ ഷഹിൻ പറഞ്ഞു. നിക്കോൾസന്റെ പ്രസ‌്താവനയിൽ വ്യക്തത വരുത്തേണ്ടതുണ്ട‌്. ചർച്ചയ‌്ക്ക‌് തയ്യാറാകണമെങ്കിൽ അമേരിക്ക  കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ താലിബാൻ നേതാക്കൾക്കുള്ള യാത്രാവിലക്ക‌് എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം താലിബാനെതിരെ അഫ‌്ഗാനിൽ അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോസേന വൻ തെരച്ചിൽ നടത്തിയിരുന്നു. ഇത‌്  ഫലം കാണാതെ വന്നതോടെയാണ‌് അമേരിക്ക ചർച്ചവാഗ‌്ദാനവുമായി മുന്നോട്ടുവന്നത‌്. ഈ വർഷംമാത്രം ആക്രമണങ്ങളിൽ 1692 പേരാണ‌് കൊല്ലപ്പെട്ടത‌്.

പ്രധാന വാർത്തകൾ
Top