18 November Sunday

അഫ്ഗാന്‍ സൈനിക താവളത്തില്‍ ഭീകരാക്രമണം; 26 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

കന്ദഹാര്‍ > അഫ്ഗാനിസ്ഥാനിലെ കന്ദഹാര്‍ പ്രവിശ്യയിലെ സൈനികത്താവളത്തില്‍ താലിബാന്‍ഭീകരാക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്ക്. 21 പേരെ കാണാതായി. ഏഴുപേരെ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു. 70 പട്ടാളക്കാരെ വധിച്ചെന്നും സൈനികത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും താലിബാന്‍ അവകാശപ്പെട്ടു. ഖാക്റേസ് ജില്ലയിലെ കര്‍സാലി മേഖലയിലെ സേനാത്താവളത്തിലേക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്.

നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ അഫ്ഗാന്‍വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ സൈനികത്താവളത്തില്‍നിന്ന് കന്ദഹാറിലേക്ക് മാറ്റി. 70 സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അഫ്ഗാന്‍ സൈനികവക്താവ് നിഷേധിച്ചു. സൈനികര്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയെന്നും  80 ഭീകരര്‍ക്ക് പരിക്കേറ്റെന്നും അഫ്ഗാന്‍സേന അറിയിച്ചു. ഇരുകൂട്ടരുടെയും അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

സേനയുടെ ഭീകരവിരുദ്ധനീക്കങ്ങളെ ഞെട്ടിച്ചുകൊണ്ട് അഫ്ഗാനില്‍ താലിബാന്റെയും ഇസ്ളാമിക് സ്റ്റേറ്റിന്റെയും അക്രമങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുകയാണ്. അഫ്ഗാനിലെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. കാബൂള്‍ കേന്ദ്രമാക്കി രൂക്ഷമായ ആക്രമണങ്ങള്‍ ഈവര്‍ഷം അരങ്ങേറി. ഏപ്രിലില്‍ വടക്കന്‍നഗരമായ മസര്‍ ഇ ഷെരിഫില്‍ സൈനികത്താവളത്തിലേക്കുണ്ടായ ആക്രമണത്തില്‍ 140 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞമാസം കാബൂളിലെ സൈനിക ആശുപത്രിയിലേക്കും ആക്രമണമുണ്ടായി. 2016ല്‍ ഭീകരാക്രമണങ്ങളില്‍ 6800 പട്ടാളക്കാരും പൊലീസും കൊല്ലപ്പെട്ടെന്നാണ് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ കണക്ക്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശസേന 2014 ഡിസംബറില്‍ അഫ്ഗാനില്‍നിന്ന് ഏറെക്കുറെ പിന്മാറി. എന്നാല്‍, കൂടുതല്‍ സേനയെ അഫ്ഗാനിലേക്ക് അയയ്ക്കാനുള്ള ആലോചനയിലാണ് അമേരിക്ക.

പ്രധാന വാർത്തകൾ
Top