21 May Monday

പാകിസ്ഥാനില്‍ ഐഎസ് ആക്രമണം; 100 മരണം

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017


ഇസ്ളാമാബാദ്> ദക്ഷിണ പാകിസ്ഥാനിലെ സൂഫി ദര്‍ഗയില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 150 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച സന്ധ്യയോടെ സിന്ധ് പ്രവിശ്യയിലെ ലാല്‍ ശഹബാസ് ഖലന്ദര്‍ സൂഫി ദര്‍ഗയിലാണ് അതിശക്തമായ സ്ഫോടനം നടന്നത്. ദര്‍ഗക്കുള്ളില്‍ കയറിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

കറാച്ചിയില്‍ നിനും 200 കിലോമീറ്റര്‍ അകലെയുള്ള സെഹ്വാന്‍ ടൌണിലാണ് ദര്‍ഗ. വ്യാഴാഴ്ചകളില്‍ പ്രത്യേക പ്രാര്‍ഥനക്കായി ഇവിടെ ധാരാളം വിശ്വാസികള്‍ എത്താറുണ്ട്. സ്ത്രീകള്‍ക്കായി ഒരുക്കിയ പ്രത്യേക സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞാണ് ചാവേര്‍ ആക്രമണം തുടങ്ങിയത്. പിന്നീട് ശരീരത്തില്‍ കെട്ടിവച്ച ബോംബ് പൊട്ടിക്കുകയായിരുന്നു. അകത്ത് ഈ സമയം നിരവധി പേര്‍ ഉണ്ടായിരുന്നു. രക്തക്കളമായ ദര്‍ഗക്കുള്ളില്‍ നിന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണ്. 60 മൃതദേഹങ്ങള്‍ ആശുപത്രിയിലുണ്ട്. 80 പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചത്. ആംബുലന്‍സ് കുറവായതും മതിയായ റോഡ് സൌകര്യമില്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയെന്ന് സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു.  മൂന്നു ദിവസമായി തുടര്‍ച്ചയായി പാകിസ്ഥാനില്‍ പലയിടങ്ങളിലായി സ്ഫോടനം നടക്കുകയാണ്.

പ്രധാന വാർത്തകൾ
Top