23 September Sunday

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ലണ്ടന്‍ > വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞനായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം പുലര്‍ച്ചെ കേംബ്രിഡ്‌ജിലെ വസതിയിലായിരുന്നു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് പ്രസ്താവനയില്‍ മരണവാര്‍ത്ത അറിയിച്ചത്. അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹം ആ അവസ്ഥയില്‍ ജീവിച്ചാണ് ശാസ്ത്ര സംഭാവനകള്‍ ഏറെയും നല്‍കിയത് .

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിക്കുകയായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌.

ദൈവ വിരുദ്ധവും ദൈവ വിശ്വാസ വിരുദ്ധവുമായ പ്രസ്താവനകളിലൂടെയും ശ്രദ്ധേയനായ അദ്ദേഹം വിയത്നാമിലെ അമേരിക്കന്‍ യുദ്ധത്തിനെതിരെ തെരുവിലിറങ്ങുകയും എന്നും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിയ്ക്കുകയും ചെയ്തു.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു.  1991ൽ അവർ വിവാഹമോചനം നേടി.

പൊതുവിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി നയത്തെ ശക്തമായി എതിര്‍ത്തിരുന്നു.പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം തിരിച്ചുവരാനാകാത്ത കടുത്ത സാഹചര്യത്തിലേക്ക് ഭൂമിയെ നയിക്കുമെന്ന്  സ്റ്റീഫന്‍ ഹോക്കിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ആഗോളതാപനം തടയാനാകാത്ത സാഹചര്യത്തിലേക്ക് നയിക്കും. ഭൂമിയുടെ അവസ്ഥ ശുക്രഗ്രഹത്തിന് സമാനമാകും. ഭൂമിയില്‍ സള്‍ഫ്യൂരിക് ആസിഡ് പെയ്യുകയും താപനില 250 ഡിഗ്രിയിലേക്ക് കുതിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top