24 September Monday

ലിംഗനീതി:വനിതാ പണിമുടക്കിൽ സ്തംഭിച്ച് സ്പെയിൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


മാഡ്രിഡ് > ലിംഗനീതിക്കായി ശബ്ദമുയർത്തി അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാപ്രക്ഷോഭകരുടെ പൊതുപണിമുടക്കിൽ സ്പെയിൻ സ്തംഭിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖരാഷ്ട്രീയപാർടികളിലെ വനിതാനേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ 170 രാഷ്ട്രങ്ങളിൽ വനിതാവിമോചന സംഘടനകൾ പണിമുടക്കിന് ആഹ്വാനം നൽകിയെങ്കിലും സ്പെയിനിൽമാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്. 'ഞങ്ങൾ നിശ്ചലമായാൽ ലോകം നിശ്ചലമാകും' എന്ന മുദ്രാവാക്യമുയർത്തി സ്പെയിനിലെ 120 തെരുവുകളിൽ വനിതാപ്രക്ഷോഭകർ ഇറങ്ങി.


വനിതകൾ കൂട്ടത്തോടെ പണിമുടക്കിയതോടെ രാജ്യത്തെ മിക്ക സേവനമേഖലകളും സ്തംഭിച്ചു. പുരുഷ‐ വനിത തൊഴിലാളികൾ തൊഴിലിടങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പ്രമുഖ ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്തു.തൊഴിലാളികൾ വിട്ടുനിന്നതിനെതുടർന്ന് മുന്നൂറോളം വിമാനങ്ങൾ സർവീസ് റദ്ദാക്കി. സ്പെയിൻ ജനതയിൽ 82 ശതമാനവും വനിതാപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി പ്രമുഖ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്പെയിനിൽ വനിതാജീവനക്കാർക്ക്  പുരുഷന്മാരെ അപേക്ഷിച്ച്  13 മുതൽ 19 ശതമാനംവരെ കുറവ് വേതനമാണ് പൊതു‐ സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് മറ്റ് വിവിധ രാഷ്ട്രങ്ങളിൽ വനിതാവിമോചകർ പ്രകടനം നടത്തി.

പ്രധാന വാർത്തകൾ
Top