25 May Friday

സൗദിയില്‍ 60 പിന്നിട്ട 3.5 ലക്ഷം വിദേശികള്‍; കമ്പനികള്‍ക്ക് ഇരട്ട വെയിറ്റേജ്

അനസ് യാസിന്‍Updated: Sunday Jan 21, 2018

മനാമ >  സൗദി സ്വകാര്യ ഖേലയില്‍ അറുപതവയസു പിന്നിട്ട മൂന്നര ലക്ഷത്തിലേറെ വിദേശികള്‍. ഇവരില്‍ 65 ശതമാനവും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് തൊഴിലെടുക്കുന്നത്. സൗദിവല്‍ക്കരണ പദ്ധതയായ നിതാഖാത്തുമായി ബന്ധപ്പെട്ട് നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. ഇത്തരം വിദേശികള്‍ക്ക് നിതാഖാത്തില്‍ ഇരട്ടവെയിറ്റേജ് നല്‍കുന്ന പദ്ധതിയുടെ മുന്നോടിയായാണ് കണക്കെടുപ്പ്.

സ്വകാര്യ മേഖലയിലെ അറുപതു പിന്നിട്ടവരില്‍ 93 ശതമാനവും വിദേശികളാണ്, 3,51,433 വിദേശികള്‍. 35,031 സ്വദേശികളാണ് ഈ ഗണത്തില്‍ സ്വകാര്യ മേഖലയില്‍ ഉള്ളത്. സ്വദേശികളും വിദേശികളുമടക്കം 3,86,464 പേരാണ് അറുപതുകാര്‍. ഇതില്‍ 96 ശതമാനവും പുരുഷന്‍മാര്‍. ഇതില്‍ 15,555 പേര്‍ മാത്രമാണ് വനിതകള്‍. സ്ത്രീകളില്‍ 6,353 ആണ് വിദേശികള്‍.

അറുപതു പിന്നിട്ട വിദേശികളെ ജോലിക്കുവെക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഈ വിഭാഗത്തില്‍ പെട്ട ഒരു വിദേശിയെ ജോലിക്കവെക്കുന്നത് രണ്ടു വിദേശികളെ ജോലിക്കുവെക്കുന്നതിനു സമമായാണ് നിതാഖാത്തില്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കുന്നതിന് അറുപത് പിന്നിട്ടവരുടെ ഇരട്ടി സ്വദേശികളെ ജോലിക്കുവെക്കേണ്ടിവരും. ഇത് സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.

ഡോക്ടര്‍മാര്‍, സര്‍വ്വകലാശാല അധ്യാപകര്‍, തുടങ്ങിയവരെ ഈ വ്യവസ്ഥയില്‍ നിന്നും അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇവരെ പ്രായമേറിയാലും നിതാഖാത്തില്‍ ഒരു തൊഴിലാളിക്കു തുല്യമായേ കണക്കാക്കൂ.സൗദിവല്‍ക്കരണം വര്‍ധിപ്പക്കുന്നതിനു നരവധി പദ്ധതികളാണ് സമീപകാലത്തായി തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയം നടപ്പാക്കിയത്. 19 തൊഴിലുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതാണ് ഇതില്‍ പ്രധാനം.

സീനിയര്‍ എച്ച്ആര്‍ മാനേജര്‍, എംപ്ലോയീസ് അഫയേഴ്സ് മാനേജര്‍, പേഴ്സണല്‍ റിലേഷന്‍ മാനേജര്‍, പേഴ്സണല്‍ അഫയേഴ്സ് സ്പെഷ്യലിസ്റ്റ്, പേഴ്സണല്‍ അഫയേ്സ് ക്ലര്‍ക്ക്, റിക്രൂട്ട്ന്റെ് ക്ലര്‍ക്ക്, എംപ്ലോയീസ് അഫയേഴ്സ് ക്ലര്‍ക്ക്, ഡ്യൂട്ടി റൈറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ഹോസ്പിറ്റല്‍ റിസപ്ഷനിസ്റ്റ്, കംപ്ലയിന്റ് ക്ലര്‍ക്ക്, കേഷ്യര്‍, സെക്യൂരിറ്റി ഗാഡ്, ഗവണ്‍മെന്റ് റിലേഷന്‍ ഓഫീസര്‍, താക്കോല്‍ കോപ്പി ചെയ്യുന്നവര്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസര്‍, ലേഡീസ് ഷോപ്പിലെ ജീവനക്കാരികള്‍, ജ്വല്ലറി ജീവനക്കാര്‍, മൊബൈല്‍ ഫോണ്‍ കടകളിലെ ജീവനക്കാര്‍ എന്നീ തൊഴിലുകളില്‍ സ്വദേശികള്‍ക്കു മാത്രമാണ് നിയമനം.

 

പ്രധാന വാർത്തകൾ
Top