21 November Wednesday

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിട; സൗദി വനിതകള്‍ നാളെമുതല്‍ വാഹനമോടിക്കും

അനസ് യാസിൻUpdated: Saturday Jun 23, 2018

മനാമ > പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിട; സൗദി അറേബ്യയിൽ ഞായറാഴ്ചമുതൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങും. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ‌് ലൈസൻസ് നേടി ചരിത്രമുഹൂർത്തത്തിന‌് കാത്തിരിക്കുന്നത്. 

കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാൻ ലൈസൻസ് നേടിയവരുണ്ട്. അംഗീകൃത രാജ്യങ്ങളിൽ ലൈസൻസുള്ളവർക്ക് ആ ലൈസൻസ് സൗദിയിലേക്കു മാറ്റാൻ അനുവാദമുണ്ട്. ലൈസൻസ് കൈപ്പറ്റിയവർ തങ്ങളുടെ ആഹ്ലാദം സോഷ്യൽ മീഡിയയിൽ പങ്കുവയ‌്ക്കുകയാണ‌്.
പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകൾ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രണ്ടായിരത്തിഇരുപതോടെ സൗദിയിലെ വനിതാ ഡ്രൈവർമാരുടെ എണ്ണം 30 ലക്ഷം കവിയും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ടാക്സി ഓടിക്കാൻ വനിതകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളിൽനിന്ന് വനിതാ ഡ്രൈവർമാർക്ക് പ്രത്യേക ഇളവുകൾ നൽകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മദ്യ‐മയക്കുമരുന്ന് ലഹരിയിലും എതിർദിശയിലും വാഹനമോടിക്കൽ, സിഗ്നൽ മറികടക്കൽ, അമിതവേഗം, നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ഓവർടേക് ചെയ്യൽ തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന  ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. ലൈസൻസ് ഇല്ലാത്തവർക്ക് വാഹനമോടിക്കുന്നത് 900 റിയാൽ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതിയില്ലാത്ത ഏക ഗൾഫ് രാജ്യമായിരുന്നു സൗദി അറേബ്യ.കഴിഞ്ഞവർഷം സെപ്തംബർ 26ന് രാത്രിയാണ് സ്ത്രീകൾക്കും വാഹനം ഓടിക്കാൻ അനുമതി നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവ് ചരിത്രപരമായ ഉത്തരവിറക്കിയത്.

സ്ത്രീകൾക്ക് ലൈസൻസ് നൽകുന്നത് മതപരമായ വീക്ഷണത്തിൽ അനുവദനീയമാണെന്ന് (ഹലാൽ ) ഉന്നത പണ്ഡിതസഭയിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടതായി രാജവിജ്ഞാപനം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച‌് 2018 ജൂൺ 24 മുതൽ വാഹനം ഓടിക്കാൻ അനുമതി നൽകുകയായിരുന്നു.

പ്രധാന വാർത്തകൾ
Top