23 September Sunday
ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടെന്ന‌്

കാനഡ അംബാസഡറെ സൗദി പുറത്താക്കി; നയതന്ത്രബന്ധം വിച്ഛേദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

റിയാദ‌് > ആഭ്യന്തരകാര്യങ്ങളില്‍ ക്യാനഡ ഇടപെടുന്നതിൽ പ്രതിഷേധിച്ച‌് കനേഡിയൻ അംബാസഡറെ സൗദി അറേബ്യ പുറത്താക്കി. ക്യാനഡയിലെ സൗദി അംബാസഡറെ തിരിച്ചുവിളിച്ചതോടൊപ്പം വ്യാപാരബന്ധവും  റദ്ദാക്കി. സൗദി ജയിലിലുള്ള പൗരാവകാശപ്രവര്‍ത്തകരെ വിട്ടയക്കാന്‍ തയ്യാറാകണമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രാലയവും റിയാദിലെ എംബസിയും ആവശ്യപ്പെട്ടതാണ‌് സൗദിയെ പിണക്കിയത‌്.

 24 മണിക്കൂറിനുള്ളിൽ രാജ്യംവിട്ടുപോകണമെന്നാണ‌് വിദേശകാര്യമന്ത്രാലയം അംബാസഡറോട‌് ആവശ്യപ്പെട്ടതെന്ന‌് സൗദി സർക്കാർ വാർത്താ ഏജന്‍സി അറിയിച്ചു. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി. ക്യാനഡയടക്കം ഒരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ലെന്നും സൗദി ചൂണ്ടിക്കാട്ടി. ജയിലിലുള്ള പൗരാവകാശപ്രവര്‍ത്തകരെ ഉടൻ മോചിപ്പിക്കണമെന്ന‌് കനേഡിയന്‍ എംബസി വെള്ളിയാഴ്ച ട്വിറ്ററില്‍ പറഞ്ഞിരുന്നു.

സമര്‍ ബദാവി, നസീമ അല്‍ സദ എന്നിവരടക്കം ഒരുഡസനോളം പൗരാവകാശപ്രവര്‍ത്തകരെ മെയ‌് മുതല്‍ സൗദി ജയിലിലടച്ചിരുന്നു. ഇവർക്കുപുറമെ മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ‌്തിട്ടുണ്ട‌്. ജയിലിലടയ്ക്കപ്പെട്ട ബ്ലോഗര്‍ റെയ്ഫ് ബദാവിയുടെ സഹോദരിയാണ് സമര്‍ ബദാവി. ഇവരുടേതടക്കമുള്ള അറസ്റ്റുകളില്‍  ആശങ്കയുണ്ടെന്ന് ക്യാനഡ വ്യക്തമാക്കിയിരുന്നു. റെയ്ഫ് ബദാവിയുടെ ഭാര്യ എന്‍സാഫ് ഹൈദേറിന‌് കനേഡിയൻ പൗരത്വമുണ്ട‌്.
മിക്ക സ്ത്രീകളും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ഡ്രൈവിങ‌് അവകാശത്തിനുവേണ്ടിയുള്ള സമരത്തിന്റെ പേരിലാണ്. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ‌് അനുമതി അടക്കമുള്ള പുരോഗമനപരമായ പരിഷ‌്ക‌ാരങ്ങൾ തുടരുമ്പോഴും  വനിതാവകാശ പ്രവർത്തകർ ജയിലിലാണ‌്.

പ്രധാന വാർത്തകൾ
Top