25 September Tuesday

വിലക്കുനീങ്ങി: 35 വർഷത്തിനുശേഷം സൗദിയിൽ സിനിമാ തിയറ്ററുകൾ തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2018


റിയാദ് > മുപ്പത്തഞ്ച് വർഷത്തിനുശേഷം സൗദി അറേബ്യയിൽ സിനിമാ തിയറ്ററുകൾ തുറക്കുന്നു. ആദ്യ തിയറ്റർ റിയാദിലെ അൽ അഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ജില്ലയിൽ 18നു ആരംഭിക്കും. മാർവൽ പുറത്തിറക്കുന്ന 'സൂപ്പർ ഹീറോ ബ്ലാക്ക്പന്തർ' ആയിരിക്കും ആദ്യ സിനിമ. അമേരിക്കൻ കമ്പനിയായ എഎംസി എന്റർടെയ്ൻമെന്റ് ഹോൾഡിങ്സുമായി സഹകരിച്ചാണ് തിയറ്ററുകൾ തുറക്കുന്നത്.

അഞ്ചുവർഷത്തിനകം 15 നഗരത്തിലായി 40 തിയറ്ററാണ് തുറക്കുക. സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണകൂടം സിനിമാ വിലക്ക് നീക്കിയത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സാമൂഹിക പരിഷ്കരണങ്ങളുടെ ‘ഭാഗമായിട്ടായിരുന്നു വിലക്ക് ഒഴിവാക്കിയത്്. തുടർന്ന് അനിമേഷൻ സിനിമാപ്രദർശനം ആരംഭിച്ചു.

മതനേതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് സൗദിയിൽ സിനിമ നിരോധിച്ചിരുന്നത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പുകൾ മറികടന്ന് വിനോദങ്ങളിൽനിന്ന് ജനത്തെ തടയുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കി വിലക്കുനീക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top