16 November Friday

സൌദി അഴിമതി: ഭൂരിപക്ഷത്തെയും വിട്ടയച്ചു ; 40,000 കോടി റിയാൽ വിണ്ടെടുത്തു

അനസ് യാസിന്‍Updated: Thursday Feb 1, 2018


മനാമ > സൌദിയില്‍ അഴിമതിക്കേസുകളില്‍ അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കമുള്ള 381 പേരില്‍ ഭൂരിപക്ഷത്തെയും വിട്ടയച്ചതായി സൌദി അറ്റോര്‍ണി ജനറലും അഴിമതിവിരുദ്ധ സുപ്രീം കമ്മിറ്റി അംഗവുമായ ഷെയ്ഖ് സൌദ് അല്‍ മുഅജബ് അറിയിച്ചു. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലാത്ത 56 പേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളത്. നിരപരാധികള്‍ എന്ന് തെളിഞ്ഞവര്‍, സര്‍ക്കാരുമായി സാമ്പത്തിക ഒത്തുതീര്‍പ്പ് നടത്തിയവര്‍ എന്നിവരാണ് മോചിതരായത്.

പ്രതികളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണകളിലൂടെ 40,000 കോടിയിലേറെ റിയാല്‍ വീണ്ടെടുത്തതായി അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തി. പണവും ഓഹരികളും ബോണ്ടുകളും കമ്പനികളും കെട്ടിടങ്ങളും അടക്കമുള്ളവ പൊതുഖജനാവിലേക്ക് ലഭിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ അഴിമതിവിരുദ്ധ സമിതി രൂപീകരിച്ചശേഷം നവംബര്‍ നാലുമുതല്‍ ഇതുവരെ 381 പേരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നിരപരാധികളാണെന്ന് തെളിഞ്ഞവരെ ഘട്ടംഘട്ടമായി മോചിപ്പിച്ചു. അഴിമതി സമ്മതിക്കുകയും അഴിമതിപ്പണം പൊതുഖജനാവില്‍ തിരിച്ചടയ്ക്കാന്‍ ഒത്തുതീര്‍പ്പ് ധാരണകളുണ്ടാക്കുകയും ചെയ്തവരെയും ഘട്ടംഘട്ടമായി വിട്ടയച്ചു.

മറ്റ് ക്രിമിനല്‍കേസുകളില്‍ പ്രതികളായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായാണ് 56 പേരെ കസ്റ്റഡിയില്‍ വച്ചത്. അഴിമതിയാരോപണം നിഷേധിക്കുകയും അഴിമതിപ്പണം പൊതുഖജനാവില്‍ തിരിച്ചടയ്ക്കുന്നതിന് വിസമ്മതിക്കുകയും ചെയ്തവരും ഇതില്‍ പെടും. ഇവരുടെ കേസുകള്‍ കോടതികള്‍ക്ക് കൈമാറും. ശതകോടീശ്വരനും കിങ്ഡം ഹോള്‍ഡിങ് ഗ്രൂപ്പ് ചെയര്‍മാനുമായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ ശനിയാഴ്ച മോചിപ്പിച്ചിരുന്നു. സൌദി ബിന്‍ ലാദന്‍ ഗ്രൂപ്പ് ഉടമകളില്‍പെട്ട ബിന്‍ ലാദന്‍ സഹോദരന്മാരും എം ബി സി ചാനല്‍ ഗ്രൂപ്പ് ഉടമ വലീദ് അല്‍ഇബ്രാഹിമും മോചിതരായവരുടെ കൂട്ടത്തില്‍പെടും.

പ്രധാന വാർത്തകൾ
Top