26 September Wednesday

രോഹിന്‍ഗ്യന്‍ അര്‍സയുടെ അക്കൗണ്ട് ഫെയ്‌സ് ബുക്ക് വിലക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2017

നയ്പിദോ > രോഹിന്‍ഗ്യന്‍ സായുധവിഭാഗമായ അര്‍സയുടെ അക്കൗണ്ടിന് ഫെയ്‌സ് ബുക്ക് വിലക്കേര്‍പ്പെടുത്തി. 'ആപല്‍ക്കരമായ സംഘടന' എന്ന കാരണം പറഞ്ഞാണിത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമല്ല വിലക്കെന്നാണ് അറിയുന്നത്. മ്യാന്‍മറില്‍ രോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന ക്രൂരതയുടെ നേര്‍ചിത്രവും വീഡിയോ ദൃശ്യങ്ങളുമടക്കം പോസ്റ്റ്‌ചെയ്തിരുന്ന അക്കൗണ്ടാണ് അരാകന്‍ രോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(അര്‍സ)യുടേത്. മാധ്യമങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ ഇവര്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ അര്‍സയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പുറംലോകം അറിഞ്ഞത്.

റഖൈനില്‍ നടക്കുന്ന വംശീയഹത്യ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറെ പങ്കുവഹിച്ചു. അതേസമയം, ട്വിറ്ററില്‍ അര്‍സ ഇപ്പോഴും സജീവമാണ്. ഇതിനിടെ, 500 രോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍ക്ക് സഹായവുമായി എത്തിയ ട്രക്ക് മറിഞ്ഞ് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ബന്ദര്‍ബന്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ട്രക്ക് റോഡരികിലുള്ള താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. റെഡ്‌ക്രോസ് ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ആറുപേര്‍ തല്‍ക്ഷണവും മൂന്നുപേര്‍ ആശുപത്രിയിലും മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു.


അതേസമയം, രോഹിന്‍ഗ്യകള്‍ക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ പ്രവൃത്തിയില്‍ തീവ്ര ബുദ്ധമതാനുകൂലികള്‍ക്ക് വ്യാപക പ്രതിഷേധം. രോഹിന്‍ഗ്യകള്‍ക്ക് സഹായവുമായി എത്തിയ ബോട്ട് ഒരു സംഘം ബുദ്ധമത അനുയായികള്‍ ആക്രമിച്ചു.കുടിവെള്ളവും ബ്ലാങ്കെറ്റ്, കൊതുകുവല എന്നിവയുമടങ്ങിയ റെഡ്‌ക്രോസ് അന്താരാഷ്ട്ര സമിതിയുടെ ബോട്ടാണ് ആക്രമിക്കപ്പെട്ടത്. റഖൈനിലെ ബോട്ട്‌ജെട്ടിയില്‍ എത്തിയ മുന്നൂറോളം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. എട്ടുപേരെ കസ്റ്റഡിയിലെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top