Top
22
Thursday, February 2018
About UsE-Paper

രോഹിൻഗ്യകളെ തിരിച്ചയക്കൽ; ബംഗ്ലാദേശിൽ വൻ പ്രതിഷേധം

Saturday Jan 20, 2018
വെബ് ഡെസ്‌ക്‌

ധാക്ക > മ്യാൻമറിലെ ആഭ്യന്തരകലാപത്തെ തുടർന്ന് ബംഗ്ലാദേശിലെത്തിയ രോഹിൻഗ്യൻ അഭയാർഥികളെ തിരിച്ചയക്കുന്നതിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം. 2016 ഒക്ടോബർ മുതൽ എത്തിയ ഏഴരലക്ഷത്തോളം അഭയാർഥികളെ തിരിച്ചയക്കാമെന്നാണ് മ്യാൻമറുമായി ബംഗ്ലാദേശ് കരാറിലെത്തിയത്. എന്നാൽ, വേണ്ടത്ര സുരക്ഷിയില്ലാതെ രാഖൈനിലേക്ക് തിരിച്ചുപോകാൻ രോഹിൻഗ്യകൾ ഒരുക്കമല്ല. ബംഗ്ലാദേശ് സർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് രോഹിൻഗ്യകൾ അണിനിരന്നു.

ഐക്യരാഷ്ട്രസഭാ പ്രതിനിധി യാങ്ഗീ ലീ തെക്കുകിഴക്കൻ ബംഗ്ലാദേശ് സന്ദർശിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തിപ്പെടുന്നത്. കൊലപാതകങ്ങളും ബലാത്സംഗങ്ങളും തുടർക്കഥയായ രാഖൈനിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ ബംഗ്ലാദേശിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. തിരികെ മ്യാൻമറിലെത്തുന്നവർക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ മാത്രമാണ് സർക്കാർ നൽകുക.
രാഖൈനിലെ 40 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തവർ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. രോഹിൻഗ്യകൾക്ക് മ്യാൻമർ പൗരത്വം നൽകുക, രോഹിൻഗ്യകളെ രാജ്യത്തെ ഗോത്രവിഭാഗമായി പരിഗണിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. മുമ്പ് വസിച്ചിരുന്ന വീട്, വസ്തു എന്നിവ തിരികെ ലഭിക്കണം.

 സൈനികനടപടികളിലൂടെ ജയിലിലാക്കിയ രോഹിൻഗ്യകളെ മോചിപ്പിക്കുക, ജനങ്ങളെ ഭീകരർ എന്ന് മുദ്രകുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയും അഭയാർഥികളുടെ ആവശ്യങ്ങളിൽപ്പെടുന്നു.