14 November Wednesday

ഫിലിപ്പീൻസിൽ റെഡ‌് അലർട്ട‌്: മംഖൂട്ട‌് ചുഴലിക്കാറ്റ‌് മനില തീരത്തേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

മനില > ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാക്കി മംഖൂട്ട‌് ചുഴലിക്കാറ്റ‌് ശക്തിയാർജിക്കുന്നതായി റിപ്പോർട്ട‌്. ഹവായിയിലെ കാലാവസ്ഥാ മുന്നറിയിപ്പുകേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം പുറത്തുവന്നതോടെ ലോകമാകെ ആശങ്കയിലായി.

മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കാണ‌് നീങ്ങുന്നത‌്. ചുഴലിക്കാറ്റ‌് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീൻസിനെ ആയിരിക്കുമെന്നും സൂചനയുണ്ട‌്. മംഖൂട്ട‌് ചുഴലിക്കാറ്റ‌് മനില തീരത്തേക്ക‌് അടുത്തുവെന്ന റിപ്പോർട്ടിനെത്തുടർന്ന‌് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
നാൽപ്പത്തിമൂന്നു ലക്ഷം ജനങ്ങളെ ചുഴലിക്കാറ്റ‌് ബാധിക്കുമെന്നാണ‌് മുന്നറിയിപ്പ‌്. രാജ്യത്ത‌് പലയിടങ്ങളിലും റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിലും സുപ്രധാനകേന്ദ്രങ്ങളിലും മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. ജാഗ്രതാ നിർദേശത്തെതുടർന്ന‌് ഫിലിപ്പീൻസ‌് പ്രസിഡന്റ‌് റോഡ്രിഗോ ദ്യുതെർതെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു.

സൈനികമേധാവി റിച്ചാർഡോ ജലാദുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കുശേഷമായിരുന്നു യോഗം. വരുംദിവസങ്ങളിൽ ഓരോ മേഖലയിലും അവലോകനയോഗം വിളിച്ചുചേർത്തശേഷം തുടർനടപടി കൈക്കൊള്ളുമെന്ന‌് അധികൃതർ അറിയിച്ചു. സുരക്ഷാനടപടിയുടെ ഭാഗമായി തീരമേഖലകളിൽനിന്ന‌് അധികൃതർ ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. സ‌്കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. മണ്ണിടിച്ചിലും മറ്റും തടയാൻ ബുൾഡോസർ അടക്കമുള്ളവ തയ്യാറാക്കി. ആയിരക്കണക്കിന‌ു രക്ഷാപ്രവർത്തകരെയും സജ്ജമാക്കി. ഇതിനകം ഒഴിപ്പിച്ച പതിനായിരക്കണക്കിനുപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക‌് മാറ്റിയതായി സൈനിക മേധാവി റിച്ചാർഡോ ജലാദ‌് അറിയിച്ചു. പലയിടങ്ങളിലും ജനങ്ങൾ വീടുകളുടെ മേൽക്കൂരയും മറ്റും കയറുപയോഗിച്ച‌് ബലപ്പെടുത്തുന്ന പ്രവൃത്തികളിലാണ‌്.

കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള മംഖൂട്ട‌് നൂറ്റാണ്ടിലെ ചുഴലിക്കാറ്റ‌് എന്നറിയപ്പെടുന്ന ഫ‌്ളോറൻസിനേക്കാൾ ശക്തിയേറിയതാണെന്ന‌് കാലാവസ്ഥാ ശാസ‌്ത്രജ്ഞർ പറയുന്നു. കനത്ത മഴയ‌്ക്കും കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന‌് കഗയൻ ഗവർണർ മാനുവൽ മാംബ പറഞ്ഞു.


പ്രധാന വാർത്തകൾ
Top