17 November Saturday

തോക്ക്‌ കൈവശം വെയ്‌ക്കൽ: അമേരിക്കയിൽ 'ജീവനുവേണ്ടി റാലി'

വെബ് ഡെസ്‌ക്‌Updated: Sunday Mar 25, 2018

ന്യൂയോർക്ക് > തലമുറ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിൽ വിറച്ച് അമേരിക്ക. തോക്ക് കൈവശം വയ്ക്കുന്നതിന് അനുവദിക്കുന്ന നിയമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കൻ നഗരങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങി. ഫെബ്രുവരിയിൽ ഫ്ളോറിഡയിലെ പാർക്ലൻഡ് സ്കൂളിൽ വിദ്യാർഥി നടത്തിയ കൂട്ടക്കൊലയെ തുടർന്നാണ് ഈ ആവശ്യം ശക്തമായത്. വെടിവയ്പിൽ വിദ്യാർഥികളടക്കം 17പേരാണ് കൊല്ലപ്പെട്ടത്. വിയത്നാംയുദ്ധ കാലഘട്ടത്തിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി ഇത്.

'മാറ്റമാണ് ഞങ്ങൾ, ഇനി നിശ്ശബ്ദരാകില്ല', 'നാഷണൽ റൈഫിൾസ് അസോസിയേഷന്റെ പണം രാഷ്ട്രീയത്തിൽനിന്ന് അകറ്റുക' തുടങ്ങിയ മുദ്രാവാക്യം വിളിച്ചാണ് പ്രക്ഷോഭകരെത്തിയത്. വൈറ്റ്ഹൗസിലേക്കും ക്യാപിറ്റോളിലേക്കും ആയിരങ്ങൾ മാർച്ച് ചെയ്തു.

ബോസ്റ്റൺ, ലൊസ് ആഞ്ചൽസ്, ചിക്കാഗോ, ഹൂസ്റ്റൺ, ടെക്സാസ്, മിനാപൊളിസ്, ഡഗ്ലസ് എന്നിവിടങ്ങളിലും കൂട്ടക്കൊല നടന്ന പാർക്ലൻഡിലും കൂറ്റൻ റാലി അരങ്ങേറി. മാർട്ടിൻ ലൂഥർ കിങ്ങിന്റെ പേരക്കുട്ടി ഒമ്പതുവയസ്സുള്ള യൊലാൻഡ റെനീ കിങ് വാഷിങ്ടണിൽ അഭിസംബോധന ചെയ്തത് ആവേശകരമായി. 'എനിക്കൊരു സ്വപ്നമുണ്ട്...'' എന്ന മുത്തച്ഛന്റെ പ്രശസ്തമായ വാക്കുകളിലാരംഭിച്ച പ്രസംഗം തോക്ക് വിമുക്ത ലോകത്തിനായി ആഹ്വാനംചെയ്താണ് അവസാനിച്ചത്.

നാഷണൽ റൈഫിൾ അസോസിയേഷനെതിരെ (എൻആർഎ) നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഫണ്ട് നൽകിയിരുന്നതാണ് അവർക്കെതിരെ നടപടിക്ക് തുനിയാത്തതെന്നാണ് ആക്ഷേപം. ഫ്ളോറിഡയിലുണ്ടായിരുന്ന ട്രംപ് പ്രതികരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ 14ന് ഇതേ വിഷയത്തിൽ ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ നടത്തിയ സമരത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്ത എൻആർഎ ഇത്തവണ പക്ഷേ പ്രതികരിച്ചിട്ടില്ല.
 

പ്രധാന വാർത്തകൾ
Top