ജറുസലേം > 50 കോടി ഡോളറിന്റെ റാഫേല്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറിയതായി ഇസ്രയേല്‍ ആയുധകമ്പനിയായ റാഫേല്‍. പിന്മാറ്റത്തിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. സൈനിക ടാങ്കറുകള്‍ തകര്‍ക്കാനാവുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങാനുള്ള കരാറാണ് റദ്ദാക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇന്ത്യ സന്ദര്ശിക്കാനിരിക്കെയാണ്് ഇന്ത്യ കരാറില്‍നിന്നുള്ള പിന്മാറ്റം അറിയിച്ചത്. ഈ മാസം 14 മുതലാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. റാഫേല്‍ കമ്പനിയുടെ സിഇഒയും നെതന്യാഹുവിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്.
സ്പൈക്ക് കരാറില്‍നിന്ന് പിന്മാറുന്നതായി കാണിച്ച് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വക്താവ് ഇഷായ് ഡേവിഡ് മാധ്യമങ്ങളെ അറിയിച്ചു. പിന്മാറ്റം അറിയിച്ചയുടന്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 26 രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള സ്പൈക്ക് ഏറെ ആലോചനക്കുശേഷം പ്രതിരോധ നിര്‍വഹണത്തിന്റെ നിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവുമായി തുടര്‍ന്നും സഹകരിക്കുമെന്നും തീരുമാനത്തില്‍ ഖേദമുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ആസ്ഥാനം അടുത്തിടെ ഹൈദരാബാദില്‍ കമ്പനി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് ഇന്ത്യയുമായി തുടര്‍ന്ന് ഏര്‍പ്പെടാനിരിക്കുന്ന പദ്ധതികള്‍ക്ക് ആസ്ഥാനമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.