19 November Monday

ഖത്തർ വ്യോമമേഖലാ പ്രശ്‌നം; ചതുർരാഷ്ട്രസഖ്യം അന്താരാഷ്ട്ര കോടതിയിലേക്ക്‌

അനസ് യാസിൻUpdated: Friday Jun 29, 2018

മനാമ > ഖത്തറുമായുള്ള വ്യോമമേഖലാ പരമാധികാര തർക്കത്തിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകാൻ ചതുർരാഷ്ട്ര സഖ്യം തീരുമാനിച്ചു. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ തീരുമാനത്തിനെതിരെയാണ്  സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും പരാതി നൽകുന്നത‌്. വ്യോമമേഖലാ പരമാധികാരവുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കാൻ ഇക്കാഒയ‌്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത‌്.

ചതുർരാഷ്ട്ര സഖ്യത്തിനെതിരെ ഖത്തർ രണ്ടു പരാതിയാണ് ഇക്കാഒയിൽ നൽകിയത‌്. ഖത്തറിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക‌് വ്യോമമേഖല അടയ‌്ക്കുകയും തങ്ങളുടെ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഖത്തർ വിമാനങ്ങൾ ഇറങ്ങുന്നതു വിലക്കുകയും ചെയ്ത നാലു രാജ്യത്തിന്റെയും തീരുമാനം അന്താരാഷ്ട്ര വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു ഖത്തറിന്റെ ആവശ്യം. ഇവരുടെ വ്യോമമേഖലകളിലൂടെ ഖത്തർ വിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നത് വിലക്കിയ തീരുമാനത്തിൽ തീർപ്പുണ്ടാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഖത്തറിന്റെ ആവശ്യങ്ങൾ കൗൺസിൽ പിന്തുണയ‌്ക്കുകയോ നാലു രാജ്യത്തോടും എന്തെങ്കിലും നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഖത്തർ വിമാനങ്ങൾക്ക് അന്താരാഷ്ട്ര സർവീസുകൾക്ക് അവലംബിക്കാവുന്ന ബദൽപാത ഇക്കാഒയുടെ കെയ്‌റോ റീജ്യണൽ ഓഫീസ് നിശ്ചയിച്ചു നൽകുകവഴി തങ്ങളുടെ സാങ്കേതികാധികാരം പൂർണതോതിൽ ഇക്കാഒ വിനിയോഗിച്ചതായി നാലു രാജ്യവും പറഞ്ഞു.

അഞ്ചു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ വിശകലനം ചെയ്ത എമർജൻസി പദ്ധതിപ്രകാരം ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഖത്തർ വിമാനങ്ങൾക്ക് അവലംബിക്കാവുന്ന ബദൽപാതകൾ നിശ്ചയിച്ചുനൽകിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നാലു രാജ്യവും നൽകുന്ന അപ്പീലിൽ അന്താരാഷ്ട്ര കോടതിയിൽനിന്ന് വിധി വരുന്നതിന് ദീർഘകാലമെടുക്കും. അന്താരാഷ്ട്ര കോടതിവിധി വരുന്നതുവരെ ഖത്തറിന്റെ ആവശ്യങ്ങൾ പഠിക്കുന്നത് ഇക്കാഒ നിർത്തിവയ‌്ക്കും. ഇതോടൊപ്പം ഖത്തർ വിമാനങ്ങൾക്കു മുന്നിൽ തങ്ങളുടെ വ്യോമപാതകൾ അടയ‌്ക്കുന്നതിനുള്ള പരമാധികാരം ഉപയോഗിക്കുന്നതു തുടരുകയും ചെയ്യും. അന്താരാഷ്ട്ര വ്യോമയാന സംഘടനാ കൗൺസിൽ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിലും സംഘടനയ‌്ക്കു കീഴിലെ അംഗരാജ്യങ്ങളുമായും ഫലപ്രദമായ സഹകരണം നാലു രാജ്യവും തുടരും. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഭീകരർക്ക് പിന്തുണ നൽകുന്നതായും മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായും ആരോപിച്ച് ഖത്തറുമായി സൗദി, ബഹ്റൈൻ, യുഎഇ, ഈജിപ്ത് എന്നീ അയൽരാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ചത്.

പ്രധാന വാർത്തകൾ
Top