24 September Monday

മുൻ ബ്രസീൽ പ്രസിഡന്റ്‌ ലുലയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തം; ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന്‌ ഇടതുപാർടികൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018

റിയോ ഡി ജനീറോ > മുൻ ബ്രസീൽ പ്രസിഡന്റും ഇടതുപക്ഷ ട്രേഡ്‌ യൂണിയൻ നേതാവുമായ ലൂയിസ്‌ ഇനാഷ്യോ ലുല ഡ സിൽവ എന്ന ലുലയ്‌ക്ക്‌ ജാമ്യം നിഷേധിച്ചതിനെതിരെ ബ്രസീലിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്‌  ഐക്യദാർഢ്യവുമായി കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ബ്രസീൽ പ്രസിഡന്റ്‌ സ്ഥാനാർഥിയായ മാനുവേല ഡി അവിലയുടെയും സോഷ്യലിസം ആൻഡ്‌ ലിബർട്ടി പാർടിയുടെ പ്രസിഡന്റ്‌ സ്ഥാനാർഥിയായ ഗ്യൂഹേം ബൗലോസിന്റെയും  സംയുക്ത പ്രസ്‌താവന.

പട്ടാള ഭരണം അവസാനിച്ചതിനു ശേഷം ബ്രസീലിൽ ജനാധിപത്യത്തിനെതിരെ ഏറ്റവും വലിയ ആക്രമണങ്ങൾ നടക്കുന്ന കാലമാണിതെന്നും ഇക്കൂട്ടത്തിലെ ഏറ്റവും അവസാനത്തേതാണ്‌ ലുലക്കെതിരായ നീക്കമെന്നും പ്രസ്‌താവനയിൽ പറയുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാസിസ്റ്റ്‌ ആക്രമണങ്ങൾക്കുമെതിരെ ഇടതുപക്ഷ പാർടികൾ ഒന്നിക്കണമെന്നും പ്രസ്‌താവന ആവശ്യപ്പെടുന്നു.

‘‘ലുലയുടെ സ്വാതന്ത്ര്യത്തിനും പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള അവകാശത്തിനുമായി ശബ്ദമുയർത്തുകയെന്നാൽ ജനാധിപത്യത്തിനായി ശബ്ദമുയർത്തുകയെന്നു തന്നെയാണ്‌ അർഥം. അതിനാൽത്തന്നെ, ഈ സമരം ലുലയുടെയും അദ്ദേഹത്തിന്റെ പാർടിയായ വർക്കേഴ്‌സ്‌ പാർടിയുടെയും രാഷ്‌ട്രീയ നിലപാടുകളോട്‌ യോജിക്കുന്നവരുടേതു മാത്രമല്ല. മതിയായ തെളിവുകൾ ഇല്ലാതെയാണ്‌ ലുലയെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. അഴിമതിക്കെതിരെ പോരാടുകയാണ്‌ ലക്ഷ്യമെങ്കിൽ ആഴത്തിലുള്ള രാഷ്‌ട്രീയ പരിവർത്തനത്തിനായി ശബ്ദമുയർത്തുകയാണ്‌ നാം ചെയ്യേണ്ടത്‌.’’ ‐ മാനുവേല ഡി അവില പറഞ്ഞു.

സാവോ പോളോയിൽ നിന്നും ലുലയെ ക്യൂരിറ്റീബയിലുള്ള ജയിലിലേക്ക്‌ മാറ്റിയിരുന്നു. രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവായ ലുലയെ അറസ്റ്റുചെയ്‌തതിനെതിരെ രാജ്യമെങ്ങും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ലുല തടവിൽ കഴിയുന്ന ജയിലിനു മുൻപിലും പ്രതിഷേധവുമായി ആയിരങ്ങൾ തമ്പടിച്ചിരിക്കുന്നു.  ലുല ജയിൽ മോചിതനാകാതെ തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്‌ പ്രതിഷേധക്കാർ പറയുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top