23 October Tuesday

പാനമ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2017

വല്ലേറ്റ (മാള്‍ട്ട) > പാനമരേഖകളുമായി ബന്ധപ്പെട്ട് മാള്‍ട്ടയിലെ ചിലരുടെ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഡാഫ്നെ കരുന ഗലിസിയ (53) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കാര്‍ബോംബ് പൊട്ടിയാണ് ഗലിസിയ കൊല്ലപ്പെട്ടതെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു.

വീട്ടില്‍നിന്ന് മോസ്റ്റ നഗരത്തിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടുകയായിരുന്നു. അഭിപ്രായസ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നുകയറ്റവും കിരാതമായ നടപടിയുമാണ് ഗലിസിയയുടെ കൊലപാതകമെന്ന് മസ്കറ്റ് പറഞ്ഞു.  2016ല്‍ പാനമ രേഖകള്‍ പുറത്തുവിട്ടതിലൂടെ മാള്‍ട്ടയിലെ ഊര്‍ജമന്ത്രിയും പ്രധാനമന്ത്രിയുടെ ഭാര്യയുമായ മിഷേലിന് അനധികൃത സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയത് ഗലിസിയയായിരുന്നു. മസ്കറ്റും മിഷേലും ആരോപണം നിഷേധിച്ചു. ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് രണ്ടാഴ്ചമുമ്പ് ഗലിസിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 1996 മുതല്‍ മാള്‍ട്ട ഇന്‍ഡിപെന്‍ഡന്റ് എന്ന പത്രത്തില്‍ ഗലിസിയ ദ്വൈവാര പംക്തി എഴുതിയിരുന്നു.

തന്റെ ബ്ളോഗിലൂടെയും രാഷ്ട്രീയവിമര്‍ശം ഉയര്‍ത്തിക്കൊണ്ടുള്ള ലേഖനങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശങ്ങളും ഉന്നയിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് അവര്‍ ബ്ളോഗില്‍ ലേഖനം എഴുതിയിരുന്നു.

പ്രധാന വാർത്തകൾ
Top