Top
18
Thursday, January 2018
About UsE-Paper

യുഎസ് സ്ഥാനപതിക്ക് പാക് സമന്‍സ

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

ഇസ്‌‌‌‌‌‌ളാമാബാദ് > പാകിസ്ഥാന്‍ ചതിച്ചെന്ന ട്രംപിന്റെ ട്വീറ്റിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ രാജ്യത്തെ അമേരിക്കന്‍ സ്ഥാനപതിയായ ഡേവിഡ് ഹാലെയ്ക്ക് സമന്‍സ് വിളിപ്പിച്ചു. ട്രംപിന്റെ പരാമര്‍ശത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് സ്ഥാനപതിയോട് വിശദീകരണംതേടുന്നതിലൂടെ പാകിസ്ഥാന്റെ ലക്ഷ്യം. പതിനഞ്ചുവര്‍ഷമായി പാകിസ്ഥാന്‍ യുഎസിനെ വിഡ്ഡിയാക്കിയെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്‌തത്. നല്‍കിയ പണത്തിനുപകരം നുണയും കാപട്യവും മാത്രമാണ് തിരികെ ലഭിച്ചത്. ഇനി ഇത് നടക്കില്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.

അഫ്ഗാനില്‍നിന്ന് താലിബാന്‍ ഭീകരരെ തുരത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതുകാരണമാണ് ട്രംപ് പാകിസ്ഥാനെതിരെ രംഗത്തുവന്നതെന്ന് ട്വീറ്റിനോട് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചിരുന്നു. പതിനഞ്ച് വര്‍ഷമായി പാകിസ്ഥാന് ലഭിച്ച സാമ്പത്തികസഹായത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ആസിഫ് പറഞ്ഞു. പണത്തിന്റെ കണക്കെടുത്താല്‍ ആരാണ് കള്ളം പറയുന്നതെന്ന് വ്യക്തമാകുമെന്ന് ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിനുശേഷം ആസിഫ് പ്രതികരിച്ചു. അതേസമയം, ഭീകരവാദത്തിനെതിരെ പൊരുതാന്‍ ശ്രദ്ധേയമായ സംഭാവനയാണ് പാകിസ്ഥാന്‍ നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷ്വാഭങ് ബീജിങ്ങില്‍ പ്രതികരിച്ചു. 

Related News

കൂടുതൽ വാർത്തകൾ »