Top
19
Sunday, November 2017
About UsE-Paper

ഇന്ത്യന്‍ തടവുകാരന് സഹായം : തട്ടിക്കൊണ്ടുപോയ പാക് റിപ്പോര്‍ട്ടറെ മോചിപ്പിച്ചു

Sunday Oct 22, 2017
വെബ് ഡെസ്‌ക്‌

ഇസ്ളാമാബാദ് > പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍  എന്‍ജിനിയറെ സഹായിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷംമുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവര്‍ത്തകയെ മോചിപ്പിച്ചു. നയീ ഖബര്‍, മെട്രോ ന്യൂസ് ടിവി ചാനല്‍ എന്നിവയുടെ റിപ്പോര്‍ട്ടര്‍ സീനത്ത് ഷഹ്സാദി (26)യെയാണ് പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് രക്ഷപ്പെടുത്തിയത്.
പെഷവാറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ എന്‍ജിനിയര്‍ ഹാമിദ് അന്‍സാരിയെ സഹായിക്കാന്‍ ശ്രമിച്ച സീനത്തിനെ ലാഹോറില്‍വച്ച് 2015 ആഗസ്തിലാണ് തട്ടിക്കൊണ്ടുപോയത്. 

തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ മേഖലയിലെ പ്രവിശ്യകളിലെ ഗോത്രവിഭാഗക്കാരുടെ സഹായത്തോടെയാണ് സീനത്തിനെ കണ്ടെത്തിയതെന്നുംപാക് അധികൃതര്‍ അറിയിച്ചു. സീനത്തിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ പ്രക്ഷോഭം സംഘടിപ്പിച്ചുവരികയായിരുന്നു.  ഇവരെ കണ്ടെത്താതില്‍ പ്രതിഷേധിച്ച് സഹോദരന്‍ സദ്ദാം ഹുസൈന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ജീവനൊടുക്കി.

2012ല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അനധികൃതമായി പാകിസ്ഥാനില്‍ പ്രവേശിച്ചു എന്ന കുറ്റത്തിനാണ് മുംബൈ സ്വദേശിയായ ഹാമിദ് അന്‍സാരിയെ പാകിസ്ഥാന്‍ ജയിലിലടച്ചത്. ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനാണ് പാകിസ്ഥാനിലെത്തിയതെന്ന അന്‍സാരിയുടെ വെളിപ്പെടുത്തല്‍ പാക് കോടതി അംഗീകരിച്ചിട്ടില്ല.  പാക് സൈനിക കോടതി അന്‍സാരിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.