Top
19
Monday, February 2018
About UsE-Paper

സുൻജുവാൻ ക്യാമ്പ് ഭീകരാക്രമണം: ഇന്ത്യയുടേത് ആരോപണം മാത്രമെന്ന് പാകിസ്ഥാൻ

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

ഇസ്ലാമാബാദ് > കശ്‌മീരിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ പങ്കില്ലെന്ന് പ്രഖ്യാപിച്ചും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയും പാകിസ്ഥാൻ രംഗത്ത്. ജമ്മുവിലെ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുപിന്നിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന ഇന്ത്യയുടെ ആരോപണത്തിനെതിരെയാണ് പാകിസ്ഥാൻ രംഗത്തുവന്നത്.

അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ എപ്പോഴും ഇന്ത്യ പാകിസ്ഥാനെയാണ് പഴിചാരാറുള്ളതെന്നും പാക് വിദേശമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കാതെയാണ് ഇന്ത്യ ഇത്തരത്തിൽ ആരോപിക്കുന്നതെന്നാണ് വാർത്താക്കുറിപ്പ്. തുടർച്ചയായി അതിർത്തികളിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽകരാർ ലംഘനത്തിൽ സിവിലിയൻമാരും സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായത്. ഇതിൽ അഞ്ച് സൈനികരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്.

പിന്നിൽ ജെയ്‌ഷെ മുഹമ്മദാണെന്ന ആരോപണം തീരെ ആലോചനയില്ലാത്തതും നിരുത്തരവാദപരമായ പ്രസ്താവനയാണെന്നുമാണ് പാക് വാദം. ഒപ്പം കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധമുയരുമെന്നാണ് പ്രതീക്ഷയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.