Top
18
Thursday, January 2018
About UsE-Paper

വാനക്രൈ ആക്രമണത്തിന് തെളിവുണ്ടോ: ഉത്തരകൊറിയ

Wednesday Dec 27, 2017
വെബ് ഡെസ്‌ക്‌

ഐക്യരാഷ്ട്രകേന്ദ്രം > വാനക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനുപിന്നില്‍ തങ്ങളാണെന്ന ആരോപണം തെളിയിക്കാന്‍ ഉത്തരകൊറിയ അമേരിക്കയെ വെല്ലുവിളിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ അടിസ്ഥാനരഹിതമായ പ്രകോപനമാണ് അമേരിക്ക ഉന്നയിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയന്‍ സ്ഥാനപതി പക് സോങ് ഇല്‍ പറഞ്ഞു.

അങ്ങേയറ്റം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കൊറിയന്‍ ഉപദ്വീപിയ മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ് ഇത്തരം നടപടികള്‍. റാന്‍സംവെയര്‍ ആക്രമണം നടത്തിയത് ഉത്തരകൊറിയയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കണം- സ്ഥാനപതി ആവശ്യപ്പെട്ടു. കഴിഞ്ഞ മേയില്‍ റാന്‍സംവെയര്‍ ആക്രമണത്തില്‍ ലോകത്തെങ്ങുമുള്ള ലക്ഷക്കണക്കിന് കംപ്യൂട്ടറുകള്‍ നിശ്ചലമായിരുന്നു.

ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉള്‍പ്പെടെ പ്രധാന സംവിധാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. വാനക്രൈ ആക്രമണത്തിനുപിന്നില്‍ ഉത്തരകൊറിയയാണെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്ന് അമേരിക്കന്‍ ആഭ്യന്തരസുരക്ഷാ ഉപദേഷ്ടാവ് ടോം ബോസെര്‍ട് കഴിഞ്ഞയാഴ്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പ്രതികരണം.