21 November Wednesday

ഉത്തര കൊറിയൻ ആണവപരീക്ഷണശാല അടുത്തമാസം അടച്ചുപൂട്ടും; കിം ജോങ് അന്നിന്റെ ഉറപ്പുലഭിച്ചതായി ദക്ഷിണ കൊറിയ

വെബ് ഡെസ്‌ക്‌Updated: Sunday Apr 29, 2018

സിയോള്‍ > ഉത്തര കൊറിയയിലെ ആണവപരീക്ഷണശാല അടുത്ത മാസം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് അൻ ഉറപ്പു നൽകിയതായി ദക്ഷിണ കൊറിയൻ നേതാവ് മൂൺജേ ഇൻ അറിയിച്ചു. ഇരുവരുമായി വെള്ളിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നാണ്‌ റിപ്പോർട്ട്‌.

പരിപൂര്‍ണ്ണ ആണവ നിരായൂധീകരണം എന്ന ലക്ഷ്യവുമായി  ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പരസ്‌പര സഹകരണത്തോടെ നടത്തിയ ഉച്ചകോടിയിലാണ് ആണവ പരീക്ഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ഉത്തര കൊറിയ അറിയിച്ചത്‌.

‘‘ആണവ പരീക്ഷണ ശാല മെയ് മാസത്തോടെ അടച്ചു പൂട്ടും. ഇതിനായി ദക്ഷിണ കൊറിയയിലെയും അമേരിക്കയിലെയും വിദഗ്‌ധരെയും മാധ്യമപ്രവര്‍ത്തകരെയും ക്ഷണിക്കും. അവരുടെ സാന്നിധ്യത്തിലാവും ആണവ പരീക്ഷണശാല അടച്ചു പൂട്ടുക'' ‐ മൂൺജേ ഇൻ  ആ പ്രവൃത്തിയുടെ സുതാര്യതയ്ക്കു വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരെയും വിദഗ്ധരെയും ക്ഷണിക്കുന്നതെന്ന് ഉന്‍ വ്യക്തമാക്കിയതായും മൂന്‍ ജേ ഇന്‍ പറഞ്ഞു.

അമേരിക്കക്ക്‌ തങ്ങൾ ധിക്കാരികളായാണ് തോന്നുന്നത്. എന്നാല്‍ ദക്ഷിണ കൊറിയയ്ക്കു നേരെയും അമേരിക്കക്കു നേരെയും ആണവായുധങ്ങള്‍ തൊടുത്തുവിടുന്ന ആളല്ല താനെന്ന്  ഒരിക്കല്‍ സംസാരിച്ചു തുടങ്ങിയാല്‍ അവർക്കു മനസ്സിലാകുമെന്ന് കിം പറഞ്ഞതായും മൂൺജേ ഇന്‍ വ്യക്തമാക്കി.

‘‘ഇടയ്ക്കിടെയുള്ള ഇത്തരം കൂടിക്കാഴ്‌ചകളിലൂടെ തെറ്റിധാരണ മാറി പരസ്പര വിശ്വാസം കെട്ടിപ്പടുക്കാം. അതോടെ അധിനിവേശ ശ്രമങ്ങളും യുദ്ധവും ഇല്ലാതാവും’’.  ആണവായുധങ്ങള്‍ കൊണ്ട് ജീവിക്കേണ്ട ആവശ്യം നമുക്കെന്തിനാണെന്ന് കിം ജോങ് അന്‍ ചോദിച്ചതായും മൂൺജേ ഇന്നിന്റെ വക്താവ് അറിയിച്ചു.

ഇരുരാജ്യങ്ങള്‍ക്കും ഒരേ സമയക്രമം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടന്നും ദക്ഷിണ കൊറിയ അറിയിച്ചു. 2015ല്‍ പ്രത്യേക പ്യോങ്യാങ് സമയം ക്രമീകരിക്കുന്നതുവരെ ദക്ഷിണകൊറിയയ്ക്കും ഉത്തരകൊറിയയ്ക്കും ജപ്പാനും ഒരേ സമയമായിരുന്നു. ദക്ഷിണ കൊറിയയുമായും അമേരിക്കയുമായുമുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ സമയ ക്രമീകരണം എന്നും കിങ് ജോങ് അന്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top