24 October Wednesday

മൂന്നാം കൊറിയന്‍ ഉച്ചകോടി: മിസൈൽ കേന്ദ്രങ്ങൾ പൂട്ടാമെന്ന് ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

പ്യോങ‌്‌‌യാങ‌് > തന്ത്രപ്രധാന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും പ്രധാന ആണവനിലയവും വിദേശപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അടച്ചുപൂട്ടാന്‍  ഉത്തരകൊറിയ സമ്മതിച്ചതായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ. എന്നാൽ മേഖലയിൽ അമേരിക്കയും സമാന വിട്ടുവീഴ്ചകള്‍ക്ക് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ‌് അന്നുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൂൺ ജെ ഇൻ ഇക്കാര്യം അറിയിച്ചത്. കൊറിയൻ മുനമ്പിൽ സമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന  മൂന്നാം ഉച്ചകോടിയിൽ  ഇരുരാഷ‌്ട്ര തലവൻമാരും നിര്‍ണായക കരാറുകളിലും ഒപ്പുവച്ചു. കൊറിയൻ മുനമ്പിനെ ആണവ നിരായുധീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉച്ചകോടി വിലയിരുത്തി. ദക്ഷിണകൊറിയൻ തലസ്ഥാനമായ സോൾ ഈവര്‍ഷം തന്നെ സന്ദർശിക്കുമെന്ന‌് കിം ജോങ‌് അൻ പറഞ്ഞു. അമ്പതുകളിലെ കൊറിയന്‍ യുദ്ധത്തിന‌ുശേഷം ആദ്യമായാണ‌്  ഉത്തരകൊറിയൻ  ഭരണാധികാരി ദക്ഷിണകൊറിയന്‍ തലസ്ഥാനം സന്ദർശിക്കുമെന്ന‌് പ്രഖ്യാപിക്കുന്നത‌്.

ടോങ‌്ചാഗ്രിയിലുള്ള പ്രധാന മിസൈൽ പരീക്ഷണശാല പൂർണമായും അടച്ചുപൂട്ടാനുള്ള സന്നദ്ധതയാണ് കിം ജോങ് അന്‍ അറിയിച്ചത്.  ഉത്തരകൊറിയയുടെ പ്രധാന മിസൈൽ പരീക്ഷണങ്ങൾ നടന്ന സ്ഥലമാണിത‌്. എന്നാൽ, അമേരിക്കയില്‍നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നു. ടോങ‌്ചാഗ്രിയിലുള്ള ആണവകേന്ദ്രം ഇല്ലാതാക്കാനുള്ള നടപടി ആരംഭിച്ചു. ഡോണൾഡ‌് ട്രംപുമായുള്ള ചർച്ചയിലും ഇതേ തീരുമാനം  കിം ജോങ‌് അൻ അറിയിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top