19 November Monday

തന്മാത്രാ പഠനം എളുപ്പമാക്കിയവര്‍ക്ക് നൊബേല്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

സ്‌റ്റോക്ക്‌ഹോം > തന്മാത്രകളുടെ ഏറ്റവും ചെറിയ അംശങ്ങളെ പഠനവിധേയമാക്കാനുള്ള ക്രയോഇലക്‌ട്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവര്‍ക്ക് രസതന്ത്ര നൊബേല്‍. ഴാക് ദുബോഷെ (75), ജോകിം ഫ്രാങ്ക് (77), റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ (72) എന്നിവര്‍ക്കാണ് തണുത്തുറഞ്ഞതും ഏറ്റവും ചെറുതുമായ ജൈവതന്മാത്രകളെ പഠിക്കാന്‍ മാര്‍ഗം കണ്ടെത്തിയതിന് അവാര്‍ഡ് നല്‍കുന്നത്. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക.

സ്വിസ് ഗവേഷകനാണ് ഴാക് ദുബോഷെ. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ് ജോകിം ഫ്രാങ്ക്. റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ ബ്രിട്ടീഷ് ഗവേഷകനാണ്. ജൈവ തന്മാത്രകളുടെ ചിത്രം കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രയോ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി  എന്ന സാേങ്കതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. രസതന്ത്രലോകത്ത് വിപ്ലവകരമായ നേട്ടത്തിന് തുടക്കംകുറിക്കുന്ന കണ്ടുപിടിത്തമാണിത്.

ദ്രവ്യത്തിന്റെ നിര്‍ജീവ അവസ്ഥയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏക ആശ്രയം ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളായിരുന്നു. ഇവയിലൊന്നിന്റെ സഹായത്തോടെ പ്രോട്ടീനിന്റെ ത്രിമാന ചിത്രം പകര്‍ത്തുകയാണ് ഹെന്‍ഡേഴ്‌സന്‍ ചെയ്തത്. ജൈവതന്മാത്രകളുടെ ആകൃതി നിലനിര്‍ത്താന്‍ അതിവേഗം തണുപ്പിച്ച ജലത്തില്‍ പരീക്ഷണം നടത്തുന്ന രീതി ഫ്രാങ്കും ദുബോഷെയും കണ്ടെത്തി. ഗവേഷകര്‍ക്ക് മുമ്പൊരിക്കലും സാധ്യമാകാത്ത തരത്തില്‍ ജൈവതന്മാത്രകളെ ഈ പരീക്ഷണത്തിലൂടെ കാണാനാകും.
ജൈവതന്മാത്രകളുടെ ഘടനയെ ഉയര്‍ന്ന റെസല്യൂഷനില്‍ പഠിക്കാനുള്ള അവസരമാണ് ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയിലൂടെ മൂവരും സാധ്യമാക്കിയതെന്ന് നൊബേല്‍സമ്മാന സമിതി വിലയിരുത്തി. ബ്രസീലില്‍ നവജാതശശുക്കളുടെ തലച്ചോറില്‍ സികാ വൈറസ് ബാധിക്കുന്നതായി കണ്ടെത്തിയതാണ് ക്രയോ എം വികസിപ്പിക്കാന്‍ പ്രേരണയായത്. വൈദ്യശാസ്ത്ര രംഗത്തടക്കം കണ്ടുപിടിത്തം വന്‍ മുന്നേറ്റം സൃഷ്ടിക്കും.

ഈ സാങ്കേതികവിദ്യ ജൈവ രസതന്ത്രത്തില്‍ പുതിയ യുഗത്തിന് തുടക്കംകുറിച്ചെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top