20 November Tuesday

നിപാ: പഴംതീനി വവ്വാലുകളെയും പരിശോധനക്കയക്കും; രോഗം ആദ്യം കണ്ടെത്തിയ സാബിത്തിന്‌ എവിടെനിന്ന്‌ പകർന്നെന്നും പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018

കോഴിക്കോട‌്> നിപാ വൈറസ‌് പടർന്നതിന്റെ ഉറവിടമെന്ന‌് സംശയിക്കുന്ന പേരാമ്പ്ര ചങ്ങരോത്തെ കിണറ്റിൽ നിന്നു പിടികൂടിയ വവ്വാലിൽ  വൈറസ‌് ബാധയില്ലെന്ന്‌ വ്യക്‌തമായെങ്കിലും കൂടുതൽ പരിശോധനകൾ തുടരുമെന്ന്‌ ആരോഗ്യമാന്ത്രി കെ കെ ശൈലജ അറിയിച്ചു. കിണറ്റിൽനിന്നും പിടികൂടിയ പ്രാണിയെ തിന്നുന്ന ഇനം വവ്വാലിനെയാണ‌് ആദ്യം പരിശോധനക്കയച്ചത‌്.  ഇനി ഫലവർഗങ്ങൾ തിന്നുന്ന ഇനം വവ്വാലുകളെ പിടികൂടി പരിശോധനക്ക‌് അയക്കാനാണ‌് തീരുമാനം.  വവ്വാൽ കാഷ‌്ഠവും ശേഖരിക്കും. രോഗം ആദ്യം കണ്ടെത്തിയ മരിച്ച പേരാമ്പ്ര സ്വദേശി മുഹമ്മദ‌് സാബിത്തിന‌് രോഗം എവിടെനിന്നു പകർന്നെന്ന പരിശോധനയും  പുരോഗമിക്കുന്നു. സാബിത്ത‌് വിദേശത്ത‌്പോയിട്ടുണ്ടോയെന്നതും പരിശോധിക്കും.

അതിനിടെ, രോഗം ഇപ്പോൾ പടരുന്നില്ലെന്ന‌് വിദഗ‌്ധസംഘം ഉറപ്പാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും അതീവ ജാഗ്രത തുടരുമെന്ന‌് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംശയത്തെ തുടർന്ന‌് കഴിഞ്ഞ ദിവസം പരിശോധിച്ച 21 പേരിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഭോപ്പാൽ  നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌്  ഓഫ‌് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽനിന്ന‌് വെള്ളിയാഴ‌്ച രാത്രിയോടെയാണ‌് വവ്വാലുകളുടെ സ്രവത്തിന്റെ പരിശോധനാ ഫലം വന്നത‌്. നാലുപേർ മരിച്ച കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിൽ  നിന്നാണ‌് വവ്വാലിനെ പിടികൂടി പരിശോധനക്ക‌് അയച്ചത‌്. ഇതോടൊപ്പം വീടിനടുത്തുള്ള ആട‌്, പോത്ത‌്, പന്നി എന്നിവയുടെ സാമ്പിളുകളും അയച്ചിരുന്നു. ഇവയിലും വൈറസിന്റെ സാന്നിധ്യമില്ല.

നിപാ ബാധയിൽ 12 പേരാണ‌് ഇതുവരെ മരിച്ചത‌്. ഒമ്പതുപേർ കോഴിക്കോട്ടും മൂന്നുപേർ മലപ്പുറത്തും. മൂന്നുപേർ വൈറസ‌് സ്ഥിരീകരിച്ച‌് ചികിത്സയിലാണ‌്.  അതിൽ ഒരാൾ മലപ്പുറത്തുകാരനാണ‌്. സംസ്ഥാനത്ത‌് 22 പേർ സംശയാസ‌്പദമായ ലക്ഷണങ്ങളുമായി  ആശുപത്രികളിലുണ്ട‌്. അതിൽ പത്തുപേർ കോഴിക്കോട്ടാണ‌്.

രോഗമുള്ളവർക്കായി ഓസ‌്ട്രേലിയയിൽനിന്ന‌് 50 ഡോസ‌് മരുന്ന‌് എത്തി. 12 പേർക്ക‌് നൽകിയതിൽ ഫലപ്രദമെന്ന‌് കണ്ടെത്തി. നിപാ രോഗാണു പരക്കുന്നില്ലെന്ന‌് പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്ന മണിപ്പാൽ കസ‌്തൂർബ മെഡിക്കൽ കോളേജിലെ വൈറൽ സ‌്റ്റഡീസ‌് വിഭാഗം മേധാവി ഡോ. ജി  അരുൺകുമാർ അറിയിച്ചു. ലോകം മുഴുവൻ കേരളത്തെ അത്ഭുതത്തോടെയാണ‌് കാണുന്നത‌്.
പ്രതിരോധ പ്രവർത്തനത്തിൽ ഇതാണ‌് ശരിയായ കേരള മോഡലെന്ന‌് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ‌്ച കോഴിക്കോട‌് കളക‌്ടറേറ്റിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗം സർക്കാർ നടപടികളെ അഭിനന്ദിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top