19 November Monday

ഉത്തര കൊറിയക്ക് യുഎന്നിന്റെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

ഐക്യരാഷ്ട്രകേന്ദ്രം > ആണവനിരായുധീകരണത്തിനുള്ള ഉത്തരകൊറിയയുടെ സന്നദ്ധതയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടിറെസ് സ്വാഗതംചെയ്തു. ഇക്കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന ഉത്തരകൊറിയൻ നേതാവ് കിം ജോങ് അന്നിന്റെ പ്രസ്താവന അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ ക്രിയാത്മക സംഭവവികാസങ്ങൾ സുസ്ഥിരസമാധാനത്തിലേക്ക് നയിക്കുന്ന ആത്മാർഥമായ സംഭാഷണപ്രക്രിയക്കുള്ള തുടക്കമാകട്ടെയെന്ന് ഗ്യുട്ടിറെസ് പ്രസ്താവനയിൽ പറഞ്ഞു. കൊറിയൻ ഉപദ്വീപീയ മേഖലയുടെ ആണവനിരായുധീകരണത്തിലേക്ക് നയിക്കുന്നതാണ് ഇപ്പോഴത്തെ സൂചനകളെന്ന് യുഎൻ മേധാവിയുടെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ പ്രമേയങ്ങൾക്ക് അനുസൃതമായാണ് ഈ പ്രക്രിയ നടക്കുന്നതെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിം ജോങ് അന്നിന്റെ നിലപാടിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. തീർത്തും അസാധ്യമെന്ന് കരുതിയിരുന്ന ഒന്നിനാണ് ഇപ്പോൾ സാധ്യത തെളിയുന്നത്. സ്വന്തം ജനതയ്ക്കും മാനവരാശിക്കും കിം നന്മ ചെയ്യുമെന്ന് കരുതുന്നു. 'ഞങ്ങളുടെ കൂടിക്കാഴ്ചയെ കാത്തിരിക്കുന്നു'‐ ട്രംപ് ട്വീറ്റ് ചെയ്തു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top