23 September Sunday

ട്രംപ‌്‐ അൻ കൂടിക്കാഴ‌്ച: യുഎ‌സ‌് സംഘം ഉത്തരകൊറിയയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018

പ്യോങ‌്‌യാങ‌് > ഉത്തരകൊറിയയുമായുള്ള ഉച്ചകോടിയെക്കുറിച്ച‌് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിനിധി സംഘം ഉത്തരകൊറിയയിൽ എത്തി. ജൂൺ 12ന‌് സിംഗപ്പുരിൽ നടത്താനിരുന്ന ഉച്ചകോടിയിൽനിന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഏകപക്ഷീയമായി പിന്മാറിയിരുന്നു.

ട്രംപിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ചർച്ചയ‌്ക്ക‌് ഇനിയും സാധ്യതയുണ്ടെന്ന‌് ട്രംപ‌് പറഞ്ഞിരുന്നു. തുടർന്നാണ‌് അമേരിക്കൻ സംഘം ഉത്തരകൊറിയയിൽ എത്തിയത‌്. താനും ഉത്തരകൊറിയൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ‌്ചയ‌്ക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അമേരിക്കൻ സംഘം ഉത്തരകൊറിയയിൽ എത്തിയതായി ട്രംപ‌് ട്വീറ്റ‌്ചെയ‌്തു. ഇതോടെ അൻ‐ ട്രംപ‌് കൂടിക്കാഴ‌്ച മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

ഉത്തരകൊറിയ ബുദ്ധിസാമർഥ്യമുള്ള രാജ്യമാണ‌്. അവർ വലിയ സാമ്പത്തിക ശക്തിയായി മാറും. ഇക്കാര്യത്തിൽ കിം ജോങ‌് അന്നിന‌് തന്റെ അഭിപ്രായംതന്നെയാണ‌്. അത‌് അങ്ങനെതന്നെ സംഭവിക്കും‐ ട്രംപ‌് പറഞ്ഞു.

സൈനികമുക്ത കൊറിയൻഗ്രാമമായ പൻമുഞ്ചമത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടന്നുവെന്ന‌് അമേരിക്കൻ‐ ദക്ഷിണകൊറിയൻ വിദേശമന്ത്രാലയങ്ങൾ അറിയിച്ചു. മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞൻ സങ‌് കിം, ഫിലിപ്പീൻസിലെ അമേരിക്കൻ അംബാസഡർ എന്നിവരടങ്ങുന്ന സംഘമാണ‌് ഉത്തരകൊറിയയിൽ എത്തിയത‌്.

ട്രംപ‌്‐ അൻ കൂടിക്കാഴ‌്ചയിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നും സംബന്ധിക്കും. ചർച്ചയ‌്ക്കുള്ള മുന്നൊരുക്കങ്ങൾക്കായി ദക്ഷിണ കൊറിയൻ സംഘം സിംഗപ്പുരിലേക്ക‌് തിരിച്ചു. ശനിയാഴ‌്ച ഉത്തരകൊറിയൻ പ്രസിഡന്റ‌് കിം ജോങ‌് അന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നും പൻമുഞ്ചമത്തിൽ കൂടിക്കാഴ‌്ച നടത്തിയിരുന്നു. ട്രംപ‌് ഉച്ചകോടിയിൽനിന്ന‌് ഏകപക്ഷീയമായി പിന്മാറിയത‌് ചർച്ചചെയ്യാനാണ‌് ഇരു നേതാക്കളും കൂടിക്കാഴ‌്ച നടത്തിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top