22 September Saturday

ഗർഭച്ഛിദ്രത്തിന‌് ‘യെസ‌് ’ പറഞ്ഞ‌് അയർലൻഡ‌്

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018

ഡബ്ലിൻ > ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗം അയർലൻഡിലെ ഹിതപരിശോധനയിൽ വിജയത്തിലേക്ക‌്. പുറത്തുവന്ന ആദ്യ രണ്ട് എക്സിറ്റ് പോളുകളും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ  വിജയം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഭൂരിപക്ഷം കേന്ദ്രങ്ങളിലും ആദ്യഫലസൂചന ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെകൂടെയാണ‌്. രാജ്യം ചരിത്രം കുറിക്കാനൊരുങ്ങുകയാണെന്ന് ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലീയോ വരാഡ്‌കർ പറഞ്ഞു. ഹിതപരിശോധനയിൽ ഇദ്ദേഹം ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്ക‌് ഒപ്പമായിരുന്നു. പുറത്തുവന്ന ആദ്യ എക്സിറ്റ് പോളുകളിൽ 68 ശതമാനവും  രണ്ടാമത്തെ എക്സിറ്റ് പോളിൽ 69 ശതമാനവും വോട്ട‌് നേടി  ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ വിജയിക്കുമെന്ന‌് പറയുന്നു. ഫലം അനുകൂലമായാൽ
ഭരണഘടനയിൽ നിർണായകമായ ഭേദഗതി ആവശ്യമായിവരും.

ഗർഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013ലാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ  ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യൻ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെത്തുടർന്നായിരുന്നു ഇത‌്. അയർലൻഡിലെ വോട്ടെടുപ്പ് ഗർഭച്ഛിദ്രത്തിന് അനുകൂലമാകുന്നതിൽ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു.

അതിനിടെ, ഗർഭച്ഛിദ്രത്തെ എതിർക്കുന്ന വിഭാഗം തോൽവി സമ്മതിച്ച‌്‌ വാർത്താകുറിപ്പ് ഇറക്കി. അമ്മയുടെ ജീവിക്കാനുള്ള അവകാശമുള്ളതുപോലെ ഗർഭസ്ഥശിശുവിനും അവകാശമുണ്ടെന്ന വാദമാണ‌് ഇവരുയർത്തുന്നത‌്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ  വിജയമുറപ്പിച്ച‌്  ‘ഇറ്റ്സ് എ യെസ്’ എന്ന ബാനർ തലക്കെട്ടോടെയാണ് ഐറിഷ‌് പത്രം ‘ഐറിഷ് ഇൻഡിപെൻഡന്റ്’എക്സിറ്റ് പോൾ ഫലവുമായി ശനിയാഴ്ച പുറത്തിറങ്ങിയത്. റോമൻ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ൽ ഹിതപരിശോധനയിലൂടെ സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു. ഹിതപരിശോധനയിൽ അന്ന‌് 61 ശതമാനം പേരാണ് സ്വവർഗവിവാഹത്തെ അനുകൂലിച്ചത്.
 

പ്രധാന വാർത്തകൾ
Top