20 September Thursday

സാംസങ്ങിന് വന്‍ വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017

സോള്‍ > ലീ ജേ യങ്ങിനെ അഞ്ചുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് സാംസങ് കമ്പനി പ്രതിസന്ധിയിലാകുമെന്നാണ് ബിസിനസ് രംഗത്തെ വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനി കൂടിയായ സാംസങ്ങിന് ഇത് വന്‍ തിരിച്ചടിയാകും. ഔദ്യോഗികമായി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുവെങ്കിലും പിതാവ് കിടപ്പിലായതുമുതല്‍ 49കാരനായ ലീയാണ് സാംസങ്ങിന്റെ തലപ്പത്ത്. ദക്ഷിണകൊറിയയുടെ മുന്‍ പ്രസിഡന്റ് പക് യുന്‍ ഹേയുടെ സ്ഥാനചലനത്തിലേക്ക് നയിച്ച കേസില്‍ ലീയടക്കം സാംസങ്ങിലെ നാല് പ്രമുഖര്‍കൂടി ജയിലിലാകുന്നത് കമ്പനിയെ അനാഥമാക്കുമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിക്ഷേപവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ നേതൃത്വമില്ലാത്ത അവസ്ഥ അഞ്ചുവര്‍ഷം കമ്പനിക്ക് കനത്ത പ്രഹരമാകും. 12 വര്‍ഷം ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ചുവര്‍ഷം വിധിക്കുകയായിരുന്നു.

അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചെങ്കിലും ശിക്ഷയില്‍നിന്ന് ലീ മുക്തനാകാനുള്ള സാധ്യത കുറവാണ്. അഴിമതി മാത്രമല്ല ലീക്കെതിരെയുള്ള കുറ്റം എന്നതുതന്നെ കാരണം. പാര്‍ലമെന്റിനെ തെറ്റിധരിപ്പിച്ചതായി തെളിഞ്ഞതും തടവുശിക്ഷ ലഭിക്കാനിടയാക്കി. ഡിസംബറില്‍ പാര്‍ലമെന്റില്‍ നടന്ന വാദംകേള്‍ക്കലില്‍ മകളുടെ കുതിരസവാരി പഠനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാതിരിക്കുകയും പക് യുന്‍ ഹേയുടെ വിശ്വസ്തനെ അറിയില്ലെന്ന് ലീ കള്ളം പറയുകയും ചെയ്തിരുന്നു. ഈ മൊഴികളിലൂടെ പാര്‍ലമെന്റിനെയടക്കം തെറ്റിധരിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി വിധി.

പ്രധാന വാർത്തകൾ
Top