Top
17
Sunday, December 2017
About UsE-Paper

ഹാഫീസ് സെയ്ദിനെ പുറത്തുവിട്ടു; കശ്മീര്‍ സ്വാതന്ത്യ്രത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഭീഷണി

Saturday Nov 25, 2017
വെബ് ഡെസ്‌ക്‌

ലാഹോര്‍ > 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫീസ് സെയ്ദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങിയ പ്രവിശ്യ ജുഡീഷ്യല്‍ റിവ്യൂബോര്‍ഡിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഭീകരസംഘടനയായ ജമാ അത് ഉദ് ദെവ നേതാവായ സെയ്ദ് മോചിതനായത്. മറ്റൊരു കേസിലും പ്രതിയാകാത്ത സാഹചര്യത്തില്‍ സെയ്ദിനെ വിട്ടയക്കണമെന്നായിരുന്നു ഉത്തരവ്. വ്യാഴാഴ്ച രാത്രിയാണ് സെയ്ദ് മോചിതനായത്.

കശ്മീരിന്റെ സ്വാതന്ത്യ്രത്തിനായി പ്രവര്‍ത്തിക്കുമെന്നും പാകിസ്ഥാനിലെ എല്ലാ ജനതയെയും ഇതിനായി അണിനിരത്തുമെന്നും മോചിതനായശേഷം സെയ്ദ് ഭീഷണിമുഴക്കി. അമേരിക്കയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് പാകിസ്ഥാന്‍ തന്നെ വീട്ടുതടങ്കലിലാക്കിയതെന്നും ഇന്ത്യയുടെ ആവശ്യപ്രകാരമാണ് അമേരിക്ക സമ്മര്‍ദം ചെലുത്തിയതെന്നും സെയ്ദ് ആരോപിച്ചു. ഭാവിയില്‍ പാകിസ്ഥാന്റെ നയതന്ത്രകാര്യങ്ങളിലടക്കം ഇടപെടുമെന്ന സൂചനയാണ് സെയ്ദിന്റെ വാക്കുകളിലുള്ളത്.

പത്തുമാസത്തെ തടങ്കലില്‍നിന്നാണ് സെയ്ദ് മോചിതനായത്. ഭീകരവിരുദ്ധകുറ്റം ചുമത്തി കഴിഞ്ഞ ജനുവരി 31നാണ് ഇയാളെ വീട്ടുതടങ്കലിലാക്കിയത്.
തീവ്രവവാദികളെ മുന്‍നിരയിലെത്തിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് സെയ്ദിന്റെ മോചനമെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു.
ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച സെയ്ദിനെ വിട്ടയച്ച പാകിസ്ഥാന്‍ നടപടിയില്‍ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. 

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ദിനെ അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയനാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതല്‍ നോവററ്റ് ആവശ്യപ്പെട്ടു. സെയ്ദ് ഉടന്‍ കശ്മീരിന്റെ പേരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും അത് തടയണമെന്നും ഹെതര്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായത്. അന്ന് 166 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ ആക്രമണത്തിന്റെ ആസൂത്രകരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമത്തിനുള്ള തിരിച്ചടിയാകും സെയ്ദിന്റെ മോചനം.

Related News

കൂടുതൽ വാർത്തകൾ »