17 December Monday

ഇന്ത്യയുടെ പിന്മാറ്റം നിരാശാജനകം: പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ഇസ്ലാമാബാദ‌് > വിദേശമന്ത്രിമാരുടെ കൂടിക്കാഴ‌്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയത് നിരാശാജനകമെന്ന് പാകിസ്ഥാൻ. സമാധാന ചര്‍ച്ചയ‌്ക്കുള്ള ക്ഷണം നിരസിച്ച നടപടി ധിക്കാരമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിൽ വ്യക്തമാക്കിയതിനുപിന്നാലെ പിന്മാറുന്നതിനായി ഇന്ത്യ നിരത്തിയ കാരണങ്ങള്‍ സത്യമല്ലെന്ന‌് വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പ്രതികരിച്ചു. ബിഎസ്എഫ് ജവാന്റെ കൊലപാതകത്തില്‍ പാക‌് സൈന്യത്തിന‌് ബന്ധമില്ലെന്നും വിദേശ മന്ത്രാലയം പ്രസ‌്താവനയിൽ പറഞ്ഞു.

യുഎൻ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യുയോർക്കിൽ എത്തുമ്പോള്‍ കൂടിക്കാഴ‌്ച നടത്താമെന്നായിരുന്നു ധാരണ. ഇമ്രാന്‍ഖാന്‍ നരേന്ദ്ര മോഡിക്ക‌് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ചര്‍ച്ചയാകാമെന്ന് അറിയിച്ചത്. ഇതിനുശേഷമാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവം മുന്‍നിര്‍ത്തി ചര്‍ച്ചയില്‍നിന്ന് പിന്മാറുകയാണെന്ന് ഇന്ത്യ അറിയിച്ചത‌്. ‘സമാധാന ചര്‍ച്ചക്കുള്ള  ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരമാണ്. ഇതില്‍ അങ്ങേയറ്റം നിരാശയിലാണ‌്. വലിയ ബോധ്യങ്ങളില്ലാത്ത ആളുകള്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നത്  ഇതിനുമുമ്പും കണ്ടിട്ടുണ്ട്’‐ എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ‌്.

ബിഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെത്താൻ ഉള്‍പ്പെടെ പാക് റേഞ്ചര്‍മാര്‍ സഹായിച്ചെന്നാണ‌് പാക‌് വിദേശ മന്ത്രാലയത്തിന്റെ  പ്രസ‌്താവനയില്‍ പറയുന്നത‌്. സത്യം പുറത്തുകൊണ്ടുവരാന്‍ യോജിച്ചുള്ള അന്വേഷണത്തിന‌് തയ്യാറാണ‌്. നയതന്ത്രബന്ധം മെച്ചപ്പെടുത്താനും തര്‍ക്കസ്ഥലങ്ങളുടെ വികസനത്തിനുമുള്ള അവസരം ഉപയോഗപ്പെടുത്താമായിരുന്നെങ്കിലും ഇന്ത്യ നഷ്ടപ്പെടുത്തിയെന്ന‌ും പ്രസ‌്താവനയിൽ പറയുന്നു.


പ്രധാന വാർത്തകൾ
Top