18 November Sunday

യുഎസ‌് ആശങ്കയിൽ; റഷ്യ തുർക്കിക്ക‌് എസ‌് 400 മിസൈൽ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

അങ്കാര > തുർക്കിക്ക‌് കൂടുതൽ സൈനിക സഹായവാഗ‌്ദാനവുമായി റഷ്യ. പശ്ചിമേഷ്യയിൽ നാറ്റോ സൈന്യം നടത്തുന്ന കൊള്ളരുതായ‌്മകളെ പ്രതിരോധിക്കാൻ സഹായകമാകുന്ന നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങളാകും റഷ്യ നാറ്റോ അംഗമായ തുർക്കിക്ക‌് നൽകുക.  എസ‌് 400 മിസൈൽ സംവിധാനം 2019ൽ നൽകിത്തുടങ്ങുമെന്ന‌് റഷ്യ വ്യക്തമാക്കി. ഇതുസംബന്ധിച്ച കരാറിൽ തുർക്കിയുമായി ഒപ്പുവച്ചതായി റഷ്യൻ ആയുധകയറ്റുമതിവിഭാഗം തലവൻ അലക‌്സാണ്ടർ മിഖയേവ‌് പറഞ്ഞു. 2019ൽതന്നെ  കരാർ പ്രാവർത്തികമാക്കും.

ഇതോടെ അതിനൂതന റഷ്യൻ കര, ആകാശ മിസൈൽ സംവിധാനം ലഭിക്കുന്ന ആദ്യ നാറ്റോ അംഗരാജ്യമാകും തുർക്കി. 400 കിലോമീറ്റർ പരിധിയിൽ ലക്ഷ്യംകാണാനുള്ള സംവിധാനമാണ‌് ഇതിനുള്ളത‌്. അതേസമയം, റഷ്യയിൽനിന്ന‌് മിസൈൽസംവിധാനം വാങ്ങാനുള്ള തുർക്കിയുടെ തീരുമാനത്തെ അമേരിക്കൻ സൈനികവൃത്തങ്ങളും നേതാക്കളും അപലപിച്ചു. 2016ലെ തുർക്കി അട്ടിമറി ശ്രമനീക്കത്തിൽ പ്രതിയാക്കി തടവിലാക്കിയ അമേരിക്കൻ പാസ‌്റ്ററെ മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ച‌് അമേരിക്ക കഴിഞ്ഞയാഴ‌്ച തുർക്കിക്കെതിരെ  ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ തുർക്കി റഷ്യയിൽനിന്ന‌് അത്യാധുനിക മിസൈൽ സംവിധാനം വാങ്ങുന്നത‌് അമേരിക്കയെ കൂടുതൽ ആശങ്കയിലാക്കി.

പ്രധാന വാർത്തകൾ
Top