22 October Monday

ആമസോണിലെ ഏകാകി ജീവനോടെയുണ്ട‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

സാവോപോളോ > ആമസോൺ മഴക്കാടുകളിൽ 22 വർഷമായി ഏകാന്തജീവിതം നയിക്കുന്ന കാടിന്റെ മകന്റെ ദൃശ്യം പുറത്ത‌്. ബ്രസീലിലെ ഇന്ത്യൻ ഫൗണ്ടേഷനാണ‌് വേരറ്റ തദ്ദേശീയ ഗോത്രവിഭാഗത്തിലെ ജീവിച്ചിരിക്കുന്ന അവസാന വ്യക്തിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത‌്. മുമ്പ‌് ചിത്രീകരിച്ചതാണെങ്കിലും ഈ മേയിൽ അയാൾ ജീവനോടെ ഉറപ്പുണ്ടെന്ന‌് സാക്ഷ്യപ്പെടുത്തിയശേഷമാണ‌് ദൃശ്യങ്ങൾ പുറത്തുവിട്ടത‌്. മഴു ഉപയോഗിച്ച‌് മരംവെട്ടുന്ന ദൃശ്യമാണ‌് പുറത്തുവന്നിരിക്കുന്നത‌്. എന്നാൽ, ദൃശ്യത്തിൽ മുഖം വ്യക്തമല്ല. റോണ്ടോണിയ സംസ്ഥാനത്താണ‌് ഇയാൾ ജീവിക്കുന്ന വനമേഖല.

അമ്പത‌് വയസ്സാണ‌് ഇയാളുടെ ഏകദേശ പ്രായമെന്നും ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. ഇയാളുടെ ഗോത്രത്തിലുള്ള ബാക്കിയുള്ളവരെ  1980﹣90 കാലയളവിൽ ആമസോൺ കാടുകളിൽ എത്തിയ മനുഷ്യർ കൊലപ്പെടുത്തിയിരുന്നു. അവശേഷിച്ച ആറുപേർക്ക‌ുനേരെ 1995ൽ വീണ്ടും ആക്രമണം നടക്കുകയും അഞ്ചുപേരും കൊല്ലപ്പെടുകയുമായിരുന്നു. 1996ലാണ‌് ഇയാൾ ജീവനോടെയുണ്ടെന്ന‌് ലോകമറിഞ്ഞത‌്. 1998ൽ ചിത്രീകരിച്ച ബ്രസീലിയൻ ഡോക്യുമെന്ററിയിൽ ഇയാളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, മുഖം വ്യക്തമായിരുന്നില്ല. പിന്നാലെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച ഇവിടേക്ക‌് പ്രവേശനം നിരോധിച്ചു. 1996 മുതൽ ഫൗണ്ടേഷൻ ഇയാളെ നിരീക്ഷിച്ചുവരികയാണ‌്. എല്ലാ മാസവും ഇയാൾ ജീവനോടെയുണ്ടെന്ന‌് ഉറപ്പാക്കാൻ ഫൗണ്ടേഷൻ അധികൃതർ ശ്രദ്ധിക്കാറുണ്ട‌്. ആമസോണിലെ ഒട്ടനേകം ഗോത്രവിഭാഗങ്ങളും ഭീഷണി നേരിടുകയാണെന്നും അത‌് ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ‌് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
Top