Top
24
Wednesday, January 2018
About UsE-Paper

ജറുസലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യുഎന്‍

Friday Dec 22, 2017
വെബ് ഡെസ്‌ക്‌

യുണൈറ്റഡ് നാഷന്‍സ് > ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് കനത്ത തിരിച്ചടി നല്‍കി ഐക്യരാഷ്ട്രസഭ. അമേരിക്കയ്ക്കെതിരെ അറബ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ളാമിക് കോ-ഓപ്പറേഷന്‍ കൊണ്ടുവന്ന പ്രമേയം യുഎന്‍ പൊതുസഭയില്‍ പാസായി. 128 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അമേരിക്കയ്ക്കെതിരായ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു.

അമേരിക്കന്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് അംബാസഡര്‍ നിക്കി ഹാലെ അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ ഭീഷണി അവഗണിച്ച രാജ്യങ്ങള്‍ അമേരിക്കയെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം അമേരിക്ക വീറ്റോ ചെയ്തെങ്കിലും രക്ഷാസമിതിയിലെ 14 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു.

ഡിസംബര്‍ ആറിനാണ് ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം ആറ് മാസത്തിനകം ടെല്‍അവീവില്‍നിന്ന് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനും ഉത്തരവായി. ജറുസലേമിലേക്ക് എംബസി മാറ്റാന്‍ 1995ല്‍ അമേരിക്ക നിയമം പാസാക്കിയിരുന്നു. എന്നാല്‍, പിന്നീട് വന്ന പ്രസിഡന്റുമാരെല്ലാം പ്രത്യേക ഉത്തരവിലൂടെ എംബസി മാറ്റം നീട്ടിവയ്ക്കുകയായിരുന്നു.