14 December Friday

ഇറാനില്‍ സൈനിക പരേഡിനുനേരെ വെടിവയ്പ്; 24 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

തെഹ‌്റാൻ > ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്‌വാസില്‍ സൈനിക പരേഡിനുനേരെ നടന്ന വെടിവയ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. സൈനികവേഷത്തിലെത്തിയവരാണ‌് വെടിയുതിർത്തത‌്. ഇറാൻ‐ ഇറാഖ‌് യുദ്ധത്തിന്റെ 38‐ാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമാരുടെ പരേഡിൽ പങ്കെടുത്തവരും കാഴ‌്ചക്കാരുമാണ‌് കൊല്ലപ്പെട്ടത‌്. രണ്ട് അക്രമികളെ വെടിവച്ച് കൊലപ്പെടുത്തിയെന്നും രണ്ടുപേരെ പിടികൂടിയെന്നും ഇറാൻ സൈനിക വക്താവ‌് അറിയിച്ചു.

സൗദി പിന്തുണയുള്ള വിഘടനവാദ ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കൻ സഹായവും ഇവർക്കുണ്ടെന്ന‌് ഇറാൻ ആരോപിച്ചു.  ഇറാനിലെ എണ്ണസമ്പന്നമായ ഖുസെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് അഹ‌്‌വാസ‌്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന മേഖലയാണിവിടം. ഖുസെസ്ഥാനെ ഇറാനുമായി വേര്‍പെടുത്താന്‍ വിഘടനവാദി ഗ്രൂപ്പുകള്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട‌്.

പ്രത്യേകമായി റിക്രൂട്ട് ചെയ‌്ത‌് പരിശീലനം ലഭിച്ച ഭീകരരാണ‌് അഹ‌്‌വാസ് ആക്രമിച്ച‌്  കുട്ടികളും സ‌്ത്രീകളും ഉൾപ്പെടെയുള്ളവർക്കുനേരെ വെടിയുതിർത്തതെന്ന‌് ഇറാൻ വിദേശമന്ത്രി ജാവേദ് സരീഫ് ട്വിറ്ററിൽ കുറിച്ചു.  ഇറാന്റെ എണ്ണസമ്പത്ത‌് കൈക്കലാക്കാൻ അമേരിക്കൻ പിന്തുണയോടെയുള്ള  ആക്രമണമാണിതെന്നും സരീഫ്  ആരോപിച്ചു. സൗദിയുടെ സഹായവും ഭീകരർക്കുണ്ട‌്. അമേരിക്കൻ ഉപരോധങ്ങൾക്ക് മറുപടി നൽകുമെന്ന‌് അടുത്തിടെ ഇറാൻ അറിയിച്ചിരുന്നു. ഇതിനായാണ‌് യുദ്ധവാർഷികത്തിന്റെ ഭാഗമാണെങ്കിലും സൈനികശക്തി വെളിപ്പെടുത്താൻ പരേഡ‌് സംഘടിപ്പിത‌്. ഇത‌് അമേരിക്കയെ പ്രകോപിപ്പിച്ചതിനാലാണ‌് വിഘടനവാദികളെ കൂട്ടുപിടിച്ചുള്ള അക്രമമെന്നും വാർത്തയുണ്ട‌്.


പ്രധാന വാർത്തകൾ
Top