20 September Thursday

മിസൈൽ‐ആണവപരീക്ഷണങ്ങൾ നിർത്തിയെന്ന‌് ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Sunday Apr 22, 2018

പ്യോങ‌്യാങ‌് > മിസൈൽ ‐ആണവപരീക്ഷണങ്ങൾ പൂർണമായും നിർത്തിവച്ചെന്ന‌് ഉത്തരകൊറിയ. ശനിയാഴ‌്‌‌‌ചമുതൽ ഉത്തരകൊറിയ ഇനി മിസൈൽ ആണവ പരീക്ഷണങ്ങൾ നടത്തില്ലെന്ന‌് തലവൻ കിങ‌് ജോങ‌് ഉൻ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവശക്തി തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആണവശക്തിയിലും മിസൈൽ സാങ്കേതികവിദ്യയിലും രാജ്യം പൂർണത കൈവരിച്ചു.  അതിനാലാണ‌് പരീക്ഷണങ്ങൾ നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ‌്ച ഇരുകൊറിയൻ തലവന്മാരുമായുള്ള ചരിത്രപ്രധാനമായ കൂടിക്കാഴ‌്ച നടക്കാനിരിക്കെയാണ‌് ഉത്തരകൊറിയയുടെ നിർണായക തീരുമാനം. ദക്ഷിണകൊറിയൻ തലവനുമായുള്ള ചർച്ചയ‌്ക്ക‌് പിന്നാലെ ജൂണിൽ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ്‌ ട്രംപുമായും ഉത്തരകൊറിയൻ തലവൻ കിങ‌് ജോങ‌് ഉൻ കൂടിക്കാഴ‌്ച നടത്തുന്നുണ്ട‌്. ഉത്തരകൊറിയ മിസൈൽ ആണവപരീക്ഷണങ്ങൾ നിർത്തണമെന്ന‌് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

പ്രഖ്യാപനത്തിനു പിന്നാലെ ഉത്തരകൊറിയയുടെ നിർണായക തീരുമാനത്തെ പ്രശംസിച്ച‌് ലോകരാജ്യങ്ങൾ രംഗത്തെത്തി‌. ഉത്തരകൊറിയയുടേത‌് തീരുമാനം നല്ല വാർത്തയാണെന്നും ലോകത്തിലെ വലിയ നീക്കമാണെന്നും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ട്വിറ്ററിൽ കുറിച്ചു. ഇരുകൊറിയകളും അമേരിക്കയും ചർച്ചകൾ നടക്കാനിരിക്കെ ഉത്തരകൊറിയയുടേത‌് അർഥപൂർണമായ നീക്കമാണെന്ന‌്  ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഉൻ പ്രതികരിച്ചു. ഉത്തരകൊറിയയുടെ തീരുമാനത്തെ ചൈനയും സ്വാഗതം ചെയ‌്തു.  കൊറിയൻ ഉപദ്വീപിലെ സ്ഥിതി മെച്ചപ്പെടുത്താൻ തീരുമാനം സഹായിക്കുമെന്ന‌് ചൈനീസ‌് വിദേശകാര്യ വക്താവ‌് പ്രതികരിച്ചു.

പ്രധാന വാർത്തകൾ
Top