19 September Wednesday

ഇന്ത്യയിൽ എയ‌്ഡ‌്സ‌് ബാധിതർ കുറയുന്നു: യുഎൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

ഐക്യരാഷ്ട്ര കേന്ദ്രം > ഇന്ത്യയിൽ പുതിയ എയ‌്ഡ‌്സ‌് ബാധിതരുടെ എണ്ണത്തിലും എയ‌്ഡ‌്സുമായി ബന്ധപ്പെട്ട മരണത്തിലും കാര്യമായ കുറവുണ്ടായതായി യുഎൻ റിപ്പോർട്ട‌്. 2010 മുതൽ 2017 വരെയുള്ള കണക്കാണ‌് യുഎൻ പുറത്തുവിട്ടത‌്. കൂട്ടായ പ്രയത‌്നത്തിന്റെ ഫലമായാണ‌് നേട്ടം കൈവരിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട‌്. ഇന്ത്യക്ക‌ു പുറമെ കംബോഡിയ, മ്യാൻമർ, തായ‌്‌ലൻഡ‌്, വിയറ്റ‌്നാം എന്നീ രാജ്യങ്ങളിലും എയ‌്ഡ‌്സ‌് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.

അതേസമയം, പാകിസ്ഥാനിലും ഫിലിപ്പീൻസിലും മുൻകാലങ്ങളെ അപേക്ഷിച്ച‌് എയ‌്ഡ‌്സ‌് വ്യാപിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോളതലത്തിലും എച്ച‌്ഐവി വ്യാപനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. എയ‌്ഡ‌്സ‌് വ്യാപനം തടയാനായി കൂടുതൽ ഫലവത്തായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2010ൽ 1,20,000 പേർക്കാണ‌് ഇന്ത്യയിൽ പുതുതായി എയ‌്ഡ‌്സ‌് സ്ഥിരീകരിച്ചത‌്. 2017ൽ ഇത‌് 88,000 ആയി കുറഞ്ഞു. എയ‌്ഡ‌്സ‌് രോഗംമൂലം 2010ൽ 1,60,000 പേർ മരിച്ചിരുന്നത‌് 2017ൽ 69,000 ആയി കുറഞ്ഞു. ഏഴ‌ു വർഷത്തിനിടെ ആഗോളതലത്തിൽ 18 ശതമാനംമാത്രമാണ‌് എയ‌്ഡ‌്സ‌് വ്യാപനത്തിൽ കുറവുണ്ടായത‌്.

1996ൽ 34 ലക്ഷം എയ‌്ഡ‌്സ‌് രോഗികളാണ‌് ലോകത്തുണ്ടായിരുന്നത‌്. രണ്ടായിരത്തി ഇരുപതോടെ എയ‌്ഡ‌്സ‌് രോഗികളുടെ എണ്ണം അഞ്ച‌ുലക്ഷമാക്കി കുറയ‌്ക്കാനാണ‌് ലക്ഷ്യമിടുന്നതെന്നും യുഎൻ അധികൃതർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top