Top
29
Saturday, April 2017
About UsE-Paper

പാനമ രേഖകള്‍: നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

ഇസ്ളാമബാദ് > പാനാമ രേഖകളിലൂടെ പുറത്തുവന്ന കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ പാക് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍, പ്രധാനമന്ത്രിപദത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം ഭൂരിപക്ഷാഭിപ്രായത്തില്‍ സുപ്രീംകോടതി ബെഞ്ച് തള്ളിയത് ഷെരീഫിന് ആശ്വാസമായി.

പാനമ ആസ്ഥാനമായ മൊസാക് ഫൊന്‍സക എന്ന പണമിടപാട് സ്ഥാപനം വഴി ഷെരീഫിന്റെ മകളും രണ്ട് ആണ്‍മക്കളും അനധികൃതമായി കള്ളപ്പണം നിക്ഷേപിക്കുകയും വെളുപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കുന്ന വിവരങ്ങളടങ്ങിയ രേഖകളാണ് പുറത്തായത്. ഇക്കാര്യത്തില്‍ ഷെരീഫിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഷെരീഫിനെ പ്രധാനമന്ത്രിപദത്തില്‍നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെഹ്രികെ ഇന്‍സാഫ് പാര്‍ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ ഷെരീഫിനെ അയോഗ്യനാക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണസംഘത്തെയാണ് കോടതി നിയോഗിച്ചത്. അന്വേഷണസംഘം 60 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഷെരീഫിന് ലണ്ടനില്‍ അനധികൃത സമ്പാദ്യമുണ്ടെന്ന് കാണിച്ച് പാക് പ്രതിപക്ഷ പാര്‍ടികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഷെരീഫ് അഴിമതിയില്‍ പങ്കാളിയാണെന്നും ഭരണഘടനയോട് സത്യസന്ധത പുലര്‍ത്താന്‍ സാധിക്കാത്ത അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. 2016 നവംബര്‍ 3 മുതല്‍ 2017 ഫെബ്രുവരി 23 വരെ 35 തവണയാണ് കേസില്‍ സുപ്രീംകോടതി വാദം കേട്ടത്. അതേസമയം തനിക്കെതിരായ ആരോപണം ഷെരീഫും കുടുംബവും നിഷേധിച്ചു.