Top
29
Saturday, April 2017
About UsE-Paper

ഓസ്ട്രേലിയ പൌരത്വനിയമം കര്‍ശനമാക്കി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

മെല്‍ബണ്‍ > പൌരത്വനിയമം കര്‍ശനമാക്കി വിദേശികള്‍ക്കുള്ള വിസയില്‍ ഓസ്ട്രേലിയ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പൌരത്വംലഭിക്കാന്‍ ഇംഗ്ളീഷ് ഭാഷയിലെ വൈദഗ്ധ്യം തെളിയിക്കുന്ന പരീക്ഷയും ഓസ്ട്രേലിയന്‍മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പരീക്ഷയും വിജയിക്കണമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കി. ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാര്‍ക്കുള്ള വിസാ കാലാവധി മൂന്നില്‍നിന്ന് നാലുവര്‍ഷമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. '457 വിസാപദ്ധതി' റദ്ദാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 

മതപരമായ സ്വാതന്ത്യ്രവും ലിംഗസമത്വവും ഉറപ്പുവരുത്തുക, കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറുക തുടങ്ങിയ വിഷയങ്ങളാണ് ഓസ്ട്രേലിയന്‍ മൂല്യം എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ളീഷ് ഭാഷ സംസാരിക്കാനും എഴുതാനും കൃത്യമായി മനസ്സിലാക്കാനും കഴിയുന്നുണ്ടോയെന്നാണ് ഭാഷാവൈദഗ്ധ്യ പരീക്ഷയില്‍ വിലയിരുത്തുന്നത്. '457 വിസാപദ്ധതി' റദ്ദാക്കിയതോടെ ഏകദേശം 95,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. ഓസ്ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് '457 വിസ' റദ്ദാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.