25 May Friday

റുവാണ്ട വംശഹത്യ :സഭയോട് പൊറുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017


വത്തിക്കാന്‍ സിറ്റി > റുവാണ്ടയില്‍ 1994ല്‍ നടന്ന വംശഹത്യയില്‍ കത്തോലിക്കാസഭയോട് പൊറുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെത്തിയ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയെ സ്വീകരിക്കവെയാണ് പാപ്പ മാപ്പപേക്ഷിച്ചത്. 'സഭയുടെയും അംഗങ്ങളുടെയും പാപങ്ങള്‍ക്കും പരാജയങ്ങള്‍ക്കു'മാണ് പാപ്പ മാപ്പ് അഭ്യര്‍ഥിച്ചത്. തന്റെ മാപ്പപേക്ഷ റുവാണ്ടയുടെ മുറിവുണക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കഗാമെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വത്തിക്കാനില്‍നിന്ന് അസാധാരണമായ പ്രസ്താവന പുറപ്പെടുവിച്ചത്. ചില കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും വിദ്വേഷത്തിനും അതിക്രമത്തിനും വംശവദരായെന്നും വംശഹത്യയില്‍ പങ്കാളികളായി സഭയുടെ ദൌത്യത്തെ വഞ്ചിച്ചെന്നും പ്രസ്താവനയില്‍ സമ്മതിച്ചു.  തുത്സിവംശജരും ഹുതുവിഭാഗത്തില്‍പ്പെട്ട മിതവാദികളുമടക്കം എണ്‍പതിനായിരത്തോളം പേര്‍ ഹുതു തീവ്രവാദികള്‍ നൂറുദിവസം തുടര്‍ച്ചയായി നടത്തിയ വംശഹത്യയില്‍ കൊല്ലപ്പെട്ടിരുന്നു. പുരോഹിതരും കന്യാസ്ത്രീകളും മറ്റും നിരവധിപേരെ കൊലപ്പെടുത്തിയതായി വംശഹത്യയെ അതിജീവിച്ചവര്‍ വെളിപ്പെടുത്തിയിരുന്നു. അക്രമികളില്‍നിന്ന് രക്ഷതേടി പള്ളികളില്‍ അഭയം നേടിയവര്‍ വ്യാപകമായി കൊല്ലപ്പെട്ടു.

പ്രധാന വാർത്തകൾ
Top