Top
23
Saturday, September 2017
About UsE-Paper

സ്പെയിനില്‍ രണ്ടാംനാളും ഭീകരാക്രമണം; 14 മരണം

Saturday Aug 19, 2017
വെബ് ഡെസ്‌ക്‌

മാഡ്രിഡ് > ബാഴ്സലോണയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാനിടിച്ചുകയറ്റിയ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്പെയിനില്‍ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച സ്പെയിനിലെ കാംബ്രില്‍സില്‍ നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബാഴ്സലോണയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ തീരപ്രദേശത്തെ ഉല്ലാസകേന്ദ്രത്തിലേക്കാണ് ഓഡി ഏ3 കാര്‍ ഓടിച്ചുകയറ്റിയത്. ചിലരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന അഞ്ചു അക്രമികളെയും വധിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.  

മണിക്കൂറുകള്‍ക്ക് മുമ്പ് ബാഴ്സലോണയില്‍ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ചത്തെ ആക്രമണത്തിലും ഐഎസിന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈവര്‍ഷം യൂറോപ്പില്‍ വാഹനമുപയോഗിച്ച് നടത്തുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മാര്‍ച്ച് 22ന് വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റുകയും പൊലീസുകാരനെ കുത്തിവീഴ്ത്തുകയും ചെയ്തു. ഏപ്രില്‍ ഏഴിന് ഷോപ്പിങ് സെന്ററിനുള്ളിലേക്ക് കാറിടിച്ചുകയറ്റിയത് അഞ്ചുപേരുടെ മരണത്തിനിടയാക്കി. ജൂണ്‍ മൂന്നിന്് യൂറോപ്പിനെ ഞെട്ടിച്ച ഭീകരാക്രമണമാണ് ലണ്ടനിലുണ്ടായത്. ലണ്ടന്‍ പാലത്തില്‍ യാത്രക്കാര്‍ക്കിടയിലേക്ക് വാനോടിച്ച് കയറ്റുകയും നിരവധി പേരെ കുത്തിവീഴ്ത്തുകയും ചെയ്തു. ജൂണ്‍ 19ന് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് പള്ളിക്കുപുറത്ത് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് വാനിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഈ മാസം ഒമ്പതിന് പാരീസില്‍ സൈനികര്‍ക്കിടയിലേക്ക് ബിഎംഡബ്ള്യു കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.